വയനാട് ദുരിതാശ്വാസ നിധിയുടെ പേരിൽ അനധികൃത പിരിവ് നടത്തിയ വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും കോഴിക്കോട് ഡിസിസിയും നേര്‍ക്കുനേര്‍. പിരിവ് നടന്നില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം ആവർത്തിക്കുന്നതിനിടെയാണ് പിരിവ് നടത്തിയതിന്‍റെ പേരില്‍ പ്രവര്‍ത്തകനെതിരെ കോഴിക്കോട് ഡിസിസി നടപടി എടുത്തത്.
യൂത്ത് കോൺഗ്രസ് മുൻ ഏലത്തൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി.എം അനസിനെയാണ് ഡിസസി പ്രസിഡന്‍റ് കെ. പ്രവീണ്‍ കുമാര്‍ സസ്പെൻഡ് ചെയ്തത്. എന്നാല്‍ നടക്കാത്ത പിരിവിന്‍റെ പേരില്‍ നടപടി എന്തിനെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ചോദിക്കുന്നത്. യൂത്ത് കോൺഗ്രസ് ചേളന്നൂർ മണ്ഡലം പ്രസിഡന്‍റിന്‍റെ പരാതിയില്‍ രണ്ടംഗ കമ്മീഷന്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അനധികൃത പണപ്പിരിവ് നടന്നിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പറയുന്നത്.
വ്യാജ പരാതി കെട്ടിച്ചമച്ചെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം എല്ലത്തൂര്‍ നിയോജക മണ്ഡലം പ്രസിഡന്‍റ് പി.ഹാഷിക്കിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഇതോടെ ഒരുവിഭാഗം അതൃപ്തി പരസ്യമാക്കി ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും പരാതി നൽകി. ചേളന്നൂരിലെ പ്രാദേശിക നേതൃത്വവും ഡി.സി.സിക്ക് പരാതി നൽകിയതോടെയാണ് മറ്റൊരു രണ്ടംഗ കമ്മീഷനെ ഡി.സി.സി അധ്യക്ഷൻ ചുമതലപ്പെടുത്തിയത്. ഈ കമ്മീഷന്‍ കണ്ടെത്തിയതാകട്ടെ യൂത്ത് കോണ്‍ഗ്രസ് കമ്മീഷന്‍ കണ്ടെത്തിയതിന്‍റെ നേരെ വിപരീതം.
പാർട്ടി നടപടിയെടുത്തതോടെ യൂത്ത് കോൺഗ്രസ് നേതൃത്വം കടുത്ത പ്രതിരോധത്തിലായി. യൂത്ത് കോണ്‍ഗ്രസും കോഴിക്കോട് ഡിസിസിയും തമ്മിലുള്ള തര്‍ക്കത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെടണമെന്ന ആവശ്യമാണ് ഉയരുന്നത്.