വിലങ്ങാടിന് വേണ്ടത് ചെയ്യാൻ സർക്കാർ സംവിധാനങ്ങൾ ഇനിയും വൈകുന്നത് ഖേദകരമാണെന്ന് ഷാഫി പറമ്പിൽ എംപി. വീടും കിടപ്പാടവും തൊഴിലും കൂലിയും കൃഷിയും കൃഷിയിടവും കച്ചവടവും വരുമാനവും റോഡും പാലവുമൊക്കെ നഷ്ടപെട്ടവർക്ക് എത്തിക്കേണ്ട അടിയന്തര അവകാശങ്ങൾ ഇനി വൈകിക്കൂടെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസം വിലങ്ങാട് സെൻ്റ് ജോർജ്ജ് ഹൈസ്കൂളിൽ സന്നദ്ധ സംഘടനകൾ വഴി ശേഖരിച്ച സ്പോർട്സ് കിറ്റ് കൈമാറിയെന്നും അദ്ദേഹം കുറിച്ചു.
ഉരുൾ പൊട്ടൽ ഉണ്ടായി ഒരു മാസം പിന്നിടുമ്പോഴും കോഴിക്കോട് വിലങ്ങാട് പുനരധിവാസം എങ്ങുമെത്തിയിട്ടില്ല. ഇനി ഇവിടം താമസിക്കാൻ വേണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞു പോയവരും ചെറുതല്ല. ഇനി എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകുമെന്ന് അറിയാതെ കഷ്ടപ്പെടുകയാണ് ഇവിടത്തെ ജനങ്ങളിൽ പലരും.
വിലങ്ങാട് ജൂലായ് 30നാണ് വലിയ ഉരുള്‍പൊട്ടലുണ്ടായത്. ദുരന്തത്തില്‍ 18 കുടുംബങ്ങള്‍ക്ക് വീടുകള്‍ പൂര്‍ണമായി നഷ്ടപ്പെട്ടിരുന്നു. 80ഓളം വീടുകള്‍ക്ക് ഭാഗികമായി കേടുപാട് സംഭവിച്ചിരുന്നു. കൃഷിയുടെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. റബറും തേക്കും തെങ്ങും കമുകും വാഴയും ചേനയും ചേമ്പും കപ്പയുമെല്ലാം കൃഷി ചെയ്ത കർഷകർ കൃഷിയിടങ്ങളിൽ ചെന്നു നോക്കി തിരിച്ചു പോകുന്നതല്ലാതെ ഇനിയെന്ത് എന്നതിൽ ഒരു നിശ്ചയവുമില്ലാത്ത അവസ്ഥയാണ്.