special-school

TOPICS COVERED

ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന് വീമ്പിളക്കുന്ന നാട്ടില്‍ ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ പരിചരിക്കുന്ന സ്പെഷല്‍ സ്കൂളുകളോട് ഓണക്കാലത്തും അവഗണന തുടര്‍ന്ന് സര്‍ക്കാര്‍. സ്കൂളുകള്‍ക്ക് ലഭിക്കേണ്ട സ്പെഷല്‍ പാക്കേജ് ആറുമാസമായി മുടങ്ങിയതോടെ 292 സ്കൂളുകള്‍ അടച്ചു പൂട്ടല്‍ ഭീഷണിയിലാണ്. തുക ലഭിക്കാത്തതിനാല്‍ ശമ്പളം പോലും ലഭിക്കാതെ  പ്രതിസന്ധിയിലാണ് അധ്യാപകരും ജീവനക്കാരും ഈ ആഘോഷ കാലത്തും.  

 

ബുദ്ധിപരമായ  പലതരം വൈകല്യങ്ങള്‍ ബാധിച്ച കുഞ്ഞുങ്ങള്‍ ,..സാധാരണ സ്കൂളുകളില്‍ പഠിച്ച് മറ്റൊരാളുടെ സഹായത്തോടെ പരീക്ഷ ജയിച്ച് ഒടുവില്‍ സ്വന്തം പേരുപോലും എഴുതാനറിയാതെ പുറത്തിങ്ങിയിരുന്ന ഒരു കാലമുണ്ടായിരുന്നു.. സ്പെഷല്‍ സ്കൂളുകളുടെ തണലില്‍ ഇന്നവര്‍ മിടുക്കരാണ്....സ്വന്തം കാര്യങ്ങള്‍ കുറേയൊക്കെ ചെയ്യാനാകും. എന്നാല്‍ ഇവരെ  ഈ നിലയിലേയ്ക്ക് ഉയര്‍ത്തിയ 292 സ്കൂളുകളിലെ  5200 ഒാളം ജീവനക്കാര്‍ പട്ടിണിയിലാണ്. ഏപ്രിലില്‍ അനുവദിക്കേണ്ടിയിരുന്ന ഈ വര്‍ഷത്തെ പ്രത്യേക പാക്കേജ് ഒാണറേറിയത്തിനുളള  അപേക്ഷ പോലും ഇതുവരെ ക്ഷണിച്ചില്ല. കഴിഞ്ഞ തവണ പാക്കേജ് തുക വിതരണം ചെയ്തതിലെ അപാകത നിമിത്തം ശമ്പളം കിട്ടാത്ത ജീവനക്കാര്‍ വേറെയും. സ്പെഷല്‍ പാക്കേജിന് 60 കോടിയോളമാണ് വേണ്ടത്. സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ മാര്‍ച്ച് 31 നു മുമ്പായി പ്രചോദനം എന്ന പേരില്‍ 18 വയസു കഴിഞ്ഞവര്‍ക്ക് തൊഴില്‍ പരിശീലന പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിട്ടെങ്കിലും ഇപ്പോള്‍ ഒരനക്കവുമില്ല. ഇവര്‍ക്കായി കഴിഞ്ഞ മൂന്ന് ബജറ്റിലും 5 കോടിവീതം വകയിരുത്തിയ തുകയില്‍ ഒരു രൂപപോലും പരിശീലന കേന്ദ്രങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. 

ENGLISH SUMMARY:

Government continues to neglect special schools during Onam too