jaundice

TOPICS COVERED

കോഴിക്കോട് പേരാമ്പ്രയില്‍ മ‍ഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഓണാഘോഷങ്ങള്‍ ഒഴിവാക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനം. വടക്കുമ്പാട് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ 6 വിദ്യാര്‍ഥികള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 71 ആയി. പ്രദേശത്ത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് തീരുമാനം. 

 

രോഗം കൂടുതല്‍ മേഖലയിലേയ്ക്ക് പടരുന്നത് ഒഴിവാക്കാനാണ് ചങ്ങരോത്ത് പഞ്ചായത്തില്‍ ഓണാഘോഷം ഒഴിവാക്കിയത്.  രോഗികളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. നിലവില്‍ 71 വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍പേരില്‍ രോഗലക്ഷണങ്ങള്‍ കണ്ടിട്ടുണ്ട്. അതിനാല്‍ രോഗികളുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. 

രോഗഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്കൂളിന് സമീപത്തെ കടകളില്‍ വ്യാപക പരിശോധന നടത്താനാണ് തീരുമാനം. നിലവില്‍ ശീതളപാനീയങ്ങളുടെ കച്ചവടം തല്‍ക്കാലത്തേയ്ക്ക് നിര്‍ത്താന്‍ നിര്‍ദേശം നല്‍കി.  അവധിക്കാലമായതിനാല്‍ രോഗം പകരാതിരിക്കാന്‍ പ്രത്യേകം കരുതല്‍ വേണം. രോഗലക്ഷണങ്ങളുളളവര്‍ കൃത്യമായ ചികില്‍സ തേടുന്നതിന് പകരം ബന്ധുവീടുകളിലേയ്ക്ക് പോവുകയോ പൊതുഇടങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യരുത്. പനി അടക്കമുള്ള ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ നിര്‍ബന്ധമായും വൈദ്യസഹായം തേടണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

ENGLISH SUMMARY:

Jaundice is spreading in Perambra Kozhikode