തിരുവനന്തപുരം രാജവീഥി ഭരിച്ചിരുന്ന ബസ് മുത്തശ്ശന് രാജകീയ റീ എൻട്രി നൽകി ഇടുക്കി രാജകുമാരി എംജിഎം ഐടിഐ യിലെ വിദ്യാർഥികൾ. ആറ് പതിറ്റാണ്ടോളം നിരത്തിലോടിയ പഴയ ടാറ്റാ മേഴ്സിഡസ് ബസിനാണ് വിദ്യാർഥികൾ പുതുജീവൻ നൽകിയത്. ഇന്ത്യയില്‍ രണ്ട് ബസുകള്‍ മാത്രമാണ് ഈ മോഡലില്‍ അവശേഷിക്കുന്നത്
രാജകുമാരി എം ജിം എം ഐ ടി ഐ യുടെ ഗാരേജിൽ തലയെടുപ്പോടെ വിശ്രമിക്കുന്ന ബസ് മുത്തശ്ശനെ ആരും ഒന്ന് നോക്കി നിന്നുപോകും. ടാറ്റായും മെഴ്സിഡസ് ബെൻസും ചേർന്ന് നിർമ്മിച്ച ബസ് 1962 ലാണ് തലസ്ഥാന നഗരത്തിൽ ഓട്ടം തുടങ്ങിയത്. 1965 കെഎസ്ആർടിസി ഏറ്റെടുത്തതോടെ KL X 604 എന്ന നമ്പറിൽ കേരളത്തിലുടനീളം സർവീസ് നടത്തി. പഴക്കം ചെന്നതോടെ 1978 ൽ രാജകുമാരി ഐ ടി ഐ ബസ് ലേലത്തിൽ പിടിച്ചു. ഏറെനാളായി വിശ്രമം ജീവിതത്തിലായിരുന്ന ബസ് വിദ്യാർഥികളുടെ ആഗ്രഹപ്രകാരം നവീകരിക്കുകയായിരുന്നു
പഴമയുടെ പ്രൗഡി ചോരാതെ ഒരു ലക്ഷം രൂപ ചെലവഴിച്ചാണ് ബസ് നവീകരിച്ചത്. കേരളത്തിന്റെ പഴയ പടക്കുതിരയെ കാണാൻ പൊതുജനങ്ങള്‍ക്കും അവസരമൊരുക്കിയിട്ടുണ്ട്. ധാരാളം പേര്‍ എത്താന്‍ തുടങ്ങിയതോടെ സമൂഹമാധ്യമങ്ങളിലും ബസ് മുത്തശ്ശൻ തരംഗമാണ്