മലപ്പുറം വണ്ടൂര്‍ നടുവത്ത് കഴിഞ്ഞ തിങ്കളാഴ്ച യുവാവ് മരിച്ചത് നിപ ബാധയെ തുടര്‍ന്നെന്ന് സ്ഥിരീകരിച്ചു. പൂണെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. നിപ ലക്ഷണങ്ങളുള്ള 3 പേർ അടക്കം 151 പേരുടെ സമ്പർക്ക പട്ടിക ആരോഗ്യവകുപ്പ് തയാറാക്കി. ബെംഗളുരുവില്‍ എംഎസ്സിക്കു പഠിക്കുന്ന 23കാരന് കഴിഞ്ഞ തിങ്കളാഴ്ച പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയിലാണ് മരിച്ചത്. പനി ബാധിച്ച് ദിവസങ്ങൾക്കുള്ളിലാണ് യുവാവിന്റെ മരണം സംഭവിച്ചത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ബെംഗളുരുവിലെ കോളജിൽ പന്തുകളിക്കുന്നതിനിടെ കാലിനു പരുക്കേറ്റാണ് യുവാവ് വണ്ടൂര്‍ നടുവത്തെ വീട്ടിലെത്തുന്നത്. പിന്നാലെ പനി ബാധിച്ചു. നടുവത്തെ സ്വകാര്യക്ലിനിക്കിലും വണ്ടൂര്‍ കാളികാവ് റോഡിലെ സ്വകാര്യ ക്ലിനിക്കിലും ചികില്‍സ തേടി. രോഗം കൂടിയതോടെ പെരിന്തല്‍മണ്ണയിലേക്ക് മാറ്റേണ്ടിവന്നു. എംഇഎസ് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് മരണം . അടുത്ത സുഹൃത്തും സഹോദരിയുടക്കം മരിച്ച യുവാവുമായി സമ്പര്‍ക്കമുളള 151 പേരുടെ പട്ടികയാണ് ഇപ്പോള്‍ തയാറാക്കിയത്. ഇതിൽ 3 പേർക്ക് രോഗലക്ഷണങ്ങളുണ്ട്. 2 പേരെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
പൂളക്കൽ ഡിസ്പെൻസറിയിൽ ആരോഗ്യ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കുന്ന യോഗം ചേർന്നു. തിരുവാലി പഞ്ചായത്തിൽ മാസ്ക് നിർബന്ധമാക്കി. കൂടുതൽ നിയന്ത്രണങ്ങൾ വൈകാതെയുണ്ടാകും.