kollam-rash-driving

TOPICS COVERED

മൈനാഗപ്പള്ളി അപകടത്തിന് ശേഷം പ്രതികള്‍ രക്ഷപെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. അമിതവേഗത്തില്‍ പോയ അജ്മലിന്റെ കാര്‍ മറ്റൊരു കാറിലും ഇടിച്ചു. ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.  

 

കൊല്ലം മൈനാഗപ്പള്ളിയില്‍ സ്കൂട്ടർ യാത്രികരെ ഇടിച്ചു വീഴ്ത്തി കാറുമായി കടന്ന യുവാവും  ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറും അറസ്റ്റിലായിട്ടുണ്ട്. കരുനാഗപ്പള്ളി വെളുത്തമണല്‍ സ്വദേശി അജ്്മല്‍, ഡോ. ശ്രീക്കുട്ടി എന്നിവര്‍ക്കെതിരെ മനഃപൂര്‍വമായ നരഹത്യക്കുറ്റം ചുമത്തി. റോഡിൽ തെറിച്ചുവീണ സ്ത്രീയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കിയ ശേഷമാണ് ഇരുവരും രക്ഷപ്പെട്ടത്. അപകടത്തില്‍ മൈനാഗപ്പള്ളി സ്വദേശിക്ക് ജീവന്‍ നഷ്ടമായിരുന്നു.  

ശാസ്താംകോട്ട ഭാഗത്തുനിന്ന് അതിവേഗത്തിലാണ് കാർ എത്തിയത്. നോർത്ത് മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾക്ക് ജീവൻ നഷ്ടപ്പെട്ടു.സ്കൂട്ടർ ഓടിച്ചിരുന്ന കുഞ്ഞുമോളുടെ ബന്ധു ഫൗസിയയ്ക്കും പരുക്കേറ്റു. ഫൗസിയ ഞെട്ടലോടെയാണ് അപകടം ഓർക്കുന്നത്. നിർത്താതെ പോയ കാർ പിന്നീട് നാട്ടുകാർ പിടികൂടിയെങ്കിലും അജ്മൽ ഓടി രക്ഷപ്പെടുകയായിരുന്നു. അജ്മലിനൊപ്പം കാറിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടർ നെയ്യാറ്റിൻകര സ്വദേശിനി ശ്രീക്കുട്ടിയും പരുക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ല. 

ഇടക്കുളങ്ങര സ്വദേശിയായ യുവതിയുടെ പേരിലുള്ള കാറാണ് അജ്മൽ ഓടിച്ചിരുന്നത്. അപകടമുണ്ടാകുന്നതിനു മുൻപ് മദ്യപിച്ചിരുന്നതായി അജ്മലും ശ്രീക്കുട്ടിയും  പൊലീസിനോട് സമ്മതിച്ചു. ഭാരതീയ ന്യായ സംഹിത പ്രകാരം കുറ്റകരമായ നരകഹത്യക്ക് 105 വകുപ്പാണ് അജ്മലിനെതിരെ ചുമത്തിയത്. ചന്ദനക്കടത്ത്, വഞ്ചന ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണെന്ന് അജ്മൽ എന്ന് റൂറൽ എസ് പി പറഞ്ഞു. ശ്രീക്കുട്ടിയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രി, ജോലിയിൽ നിന്ന് പുറത്താക്കി. അപകടത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കൊല്ലം എസ്പിയോട് റിപ്പോർട്ട് തേടി .