ഏരിയാകമ്മിറ്റി പിരിച്ചുവിട്ട് മുഖം മിനുക്കിയെങ്കിലും കരുനാഗപ്പളളി സിപിഎമ്മിലെ കലഹം തീരാന്‍ സമയമെടുക്കും. പാർട്ടിയുടെ ചരിത്രത്തിലാദ്യമായി കരുനാഗപ്പള്ളിയിൽ നിന്നുള്ള പ്രതിനിധികൾ ഇല്ലാതെയാണ് കൊല്ലത്ത് സിപിഎം ജില്ലാ സമ്മേളനം നടക്കാന്‍ പോകുന്നത്. പാർട്ടി സമ്മേളനങ്ങൾക്കു ശേഷം കരുനാഗപ്പള്ളിയിലെ നേതാക്കൾ കടുത്ത അച്ചടക്ക നടപടി നേരിടേണ്ടി വരും. ഏഴംഗ അംഗ അഡ്ഹോക് കമ്മിറ്റി ഇന്ന് ചുമതലയേൽക്കും.
പണക്കൊഴുപ്പില്‍ രൂപപ്പെട്ട വിഭാഗീയതയാണ് കരുനാഗപ്പളളിയിലേത്. പാർട്ടി നിയന്ത്രണത്തിലുള്ള രണ്ടു സ്കൂളുകളും, കോടികളുടെ ഇടപാട് നടത്തുന്ന ലേബർ സഹകരണ സംഘവുമൊക്കെയായി വൻ വരുമാനമുള്ള ഏരിയ കമ്മിറ്റി. പത്തുദിവസം കഴിയുമ്പോള്‍ കൊട്ടിയത്ത് ജില്ലാ സമ്മേളനത്തിന് കൊടി ഉയരുമ്പോള്‍ പാര്‍ട്ടിയുടെ ചരിത്രത്തിലാദ്യമായി കരുനാഗപ്പള്ളിയിലെ പ്രതിനിധികള്‍ ആരും സമ്മേളനത്തില്‍ ഉണ്ടാവില്ല. സംസ്ഥാന സമ്മേളനത്തിലേക്കും കരുനാഗപ്പള്ളിക്ക് പ്രാതിനിധ്യമില്ല. കരുനാഗപ്പള്ളിക്കാര്‍ക്ക് പ്രാതിനിധ്യം ഇല്ലാത്ത സമ്മേളനം പാര്‍ട്ടിക്ക് ദോഷമാണെന്ന് മുതിര്‍ന്നനേതാവ് പികെ ഗുരുദാസൻ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. സമ്മേളനങ്ങള്‍ക്ക് ശേഷം വരാനിരിക്കുന്നത് കരുനാഗപ്പള്ളിയിലെ നേതാക്കൾക്കെതിരെ കടുത്ത അച്ചടക്ക നടപടിയാണ്. ജില്ലാ കമ്മിറ്റിയംഗങ്ങളായ പി.ആർ വസന്തൻ, പികെ ബാലചന്ദ്രന്‍, സംസ്ഥാന കമ്മിറ്റിയംഗം സൂസൻ കോടി, ഏരിയ സെക്രട്ടറി പി.കെ ജയപ്രകാശ് എന്നിവര്‍ നടപടിക്ക് സാധ്യതയുളളവരാണ്. ഏഴംഗ അഡ്ഹോക് കമ്മിറ്റി മൂന്നു മാസത്തിനകം ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിക്കും. അഡ്ഹോക് കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം ലോക്കല്‍ സമ്മേളനങ്ങള്‍ അലങ്കോലമാക്കിയവര്‍ക്കെതിരെയും, ഏരിയ കമ്മിറ്റി ഓഫിസിലേക്കു പ്രകടനം നടത്തിയവർക്കെതിരെയും അച്ചടക്ക നടപടിയെടുക്കും. ക്ലാപ്പന കിഴക്ക്, കരുനാഗപ്പള്ളി വെസ്റ്റ്, ആലപ്പാട് സൗത്ത് എന്നീ മൂന്ന് ലോക്കല്‍ കമ്മിറ്റികൾ നടത്തുന്നതിന് തടസമില്ല. മറ്റ് ഏഴിടങ്ങളില്‍ തിരുത്തലുണ്ടാകും. സ്ത്രീവിഷയം, നിയമനത്തട്ടിപ്പ്, സാമ്പത്തിക ക്രമക്കേട്, ഗുണ്ടാബന്ധം, ഭൂമികയ്യേറ്റം തുടങ്ങി നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളൊക്കെ പാര്‍ട്ടി അന്വേഷിക്കുമോ എന്നാണ് കാത്തിരുന്നുകാണേണ്ടത്.