wcc-open-letter-to-cm

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സ്വകാര്യത ലംഘിക്കപ്പെടുന്നുവെന്ന് ഡബ്ല്യു.സി.സി. മുഖ്യമന്ത്രിക്ക് അയച്ച തുറന്ന കത്തിലാണ് ഗുരുതര ആരോപണം. പുറത്തുവിടരുതെന്ന് കോടതി നിര്‍ദേശമുള്ള ഭാഗങ്ങളും പുറത്തുവരുന്നുവെന്നും റിപ്പോര്‍ട്ട് കൈവശമുള്ള ചിലരുടെ നീക്കം സംശയാസ്പദമെന്നും സംഘടന പറയുന്നു. സമൂഹമാധ്യമത്തിലൂടെയാണ് സംഘടന കത്ത് പങ്കുവച്ചിരിക്കുന്നത്.

 

കത്തിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ.. 'ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ഒരു തുറന്നകത്ത്. താങ്കൾ നിയോഗിച്ച ഹേമ കമ്മറ്റി മുമ്പാകെ സിനിമയിൽ പണിയെടുക്കുന്ന സ്ത്രീകൾ നൽകിയ മൊഴികൾ ഇപ്പോൾ സ്പെഷൽ ഇൻവസ്റ്റിഗേഷൻ ടീമിന്റെ പരിധിയിലേക്ക് കൊണ്ടു വന്നതോടെ കോടതി ഉത്തരവ് പോലും ലംഘിച്ച് സ്വകാര്യ ചാനലിലൂടെ നിരുത്തരവാദപരമായ മാധ്യമ വിചാരണകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിരിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്. ഈ ആശങ്ക പങ്കുവക്കാനാണ് ഞങ്ങൾ താങ്കളെ നേരിൽ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചത്. എന്നാൽ പീഡിപ്പിക്കപ്പെട്ടവരുടെ സ്വകാര്യത മാനിച്ച്  പുറത്തുവിടരുതെന്ന് ഹേമ കമ്മറ്റിയും സർക്കാറും കോടതിയും തീരുമാനിച്ച   ഏറ്റവും സ്വകാര്യമായ മൊഴികൾ ഇപ്പോൾ  ചാനലിലൂടെ  എത്തുന്നത് കമ്മറ്റി റിപ്പോർട്ട് കൈവശമുള്ള  ചിലരുടെയെങ്കിലും നീക്കങ്ങളെ സംശയാസ്പദമാക്കിയിരിക്കുന്നു.

പുറത്തുവിടുന്ന വിവരങ്ങൾ മൊഴി കൊടുത്തവർ ആരാണെന്ന് പുറംലോകത്തിന് തിരിച്ചറിയാൻ പാകത്തിലാണ്. പീഡിപ്പിക്കപ്പെട്ടവർക്കൊപ്പം എന്ന പ്രതീതി ജനിപ്പിക്കുന്ന ഈ പ്രവൃത്തി  അതിന് വിധേയരായ  സ്ത്രീജീവിതങ്ങളെ  ദുരിത പൂർണവും കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുകയും  ചെയ്യുന്നു. സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണ് . ഇക്കാര്യത്തിൽ  താങ്കൾ  അടിയന്തരമായി  ഇടപെട്ട്  സ്വകാര്യതയെ അവഹേളിക്കുന്ന ആ വാർത്ത ആക്രമണം തടയണമെന്ന് ഞങ്ങൾ ശക്തമായി  ആവശ്യപ്പെടുന്നു. വിശ്വസ്തതയോടെ, ഡബ്ല്യു.സി.സി'.

ENGLISH SUMMARY:

The WCC alleges that the privacy of the Hema Committee report was being violated. . The organization says that the parts that have been ordered not to be disclosed by the court are also coming out and the movement of some who have the report is suspicious.