TOPICS COVERED

കേരളത്തിന് ഓണസമ്മാനമായി തിരുവനന്തപുരം–കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസിന് പുതിയ കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ. യാത്രക്കാരുടെ ഏറെ നാളുകളായുളള മുറവിളികള്‍ക്കൊടുവിലാണ് പുതിയ കോച്ചുകള്‍ അനുവദിച്ചത്. 

ഓടിത്തേഞ്ഞൊരു വണ്ടിയാണ് യാത്രക്കാരുടെ പ്രിയപ്പെട്ട ജനശതാബ്ദി എക്സ്പ്രസ്. ഇടയ്ക്കിടെ ട്രെയിനിന് അകത്ത് നിന്ന്  മഴ നനയാന്‍ വരെ സൗകര്യമുളള വണ്ടി.എന്നാല്‍ കഥ മാറുകയാണ്. തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസിന്  പുതിയ എൽഎച്ച്ബി കോച്ചുകള്‍ വരുകയാണ്.

ജർമൻ സാങ്കേതിക വിദ്യയിൽ നിർമിക്കുന്ന സ്റ്റെയിൻലസ് സ്റ്റീൽ കോച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. സൗകര്യങ്ങളേറെയുളള കോച്ചുകള്‍ കൂടുതല്‍ സുരക്ഷിതത്വവും നല്കും.  തിരുവനന്തപുരത്തു നിന്നുള്ള സർവീസില്‍ 29 മുതല്‍ പുതിയ കോച്ചുകളുടെ തിളക്കമുണ്ടാകും. കണ്ണൂരില്‍ നിന്നുളള സര്‍വീസില്‍ 30 മുതല്‍ പുതിയ കോച്ചുകളില്‍ യാത്ര ചെയ്യാം. 

പഴകി ദ്രവിച്ച കോച്ചുകള്‍ മാറ്റണമെന്നത് ദീര്‍ഘനാളായുളള യാത്രക്കാരുടെ ആവശ്യമാണ്. തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദിയും വൈകാതെ പുതിയ കോച്ചുകളിലേയ്ക്ക് മാറുമെന്നാണ് വിവരം.

എറണാകുളം – ബംഗളൂരു ഇന്‍റര്‍സിറ്റിക്ക് പുതിയ കോച്ചുകള്‍ അനുവദിക്കുന്നതും റെയില്‍വേയുടെ പരിഗണനയിലാണ് . ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ആശ്രയമായ മാവേലി , മലബാര്‍ തുടങ്ങിയ ട്രെയിനുകളിലേയും കാലപ്പഴക്കം ചെന്ന കോച്ചുകള്‍ നവീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. 

ENGLISH SUMMARY:

Thiruvananthapuran – Kannur Jan Shatabdi to get LHB coaches