kollam-accident

TOPICS COVERED

മൈനാഗപ്പിള്ളി അപകടത്തില്‍ പ്രതികള്‍ രാസലഹരി ഉപയോഗിച്ചോയെന്ന് സംശയം. അജ്മല്‍ ശ്രീക്കുട്ടി എന്നിവരുടെ രക്ത, മൂത്ര സാമ്പിളുകള്‍ പരിശോധിക്കും. ഇരുവരും തമ്മിലുള്ള പണമിടപാടുകളും പരിശോധിക്കും. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

കൊല്ലം മൈനാഗപ്പള്ളി അപകടത്തിലെ പ്രതി അജ്മൽ അപകടമുണ്ടാക്കിയ ശേഷം കാറിൽ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. കരുനാഗപ്പള്ളിക്ക് സമീപം വെച്ച് നാട്ടുകാർ കാർ തടഞ്ഞുനിർത്തിയെങ്കിലും പ്രതി അജ്മൽ വീടിന് പിന്നിലൂടെ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. അനുവാദം കൂടാതെ വീടിനകത്തേക്ക് കയറിയ പ്രതി വീട്ടിനുള്ളിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി വീട്ടുടമ പ്രദീപ് പറഞ്ഞു. അതേസമയം പ്രതികള്‍ രാസലഹരി ഉപയോഗിച്ചോ എന്നതിൽ പൊലീസ് വിശദമായ അന്വേഷണം നടത്തും. 

മൈനാഗപ്പള്ളി ആയൂർക്കാവിൽ തിരുവോണദിവസം വൈകിട്ട് അപകടമുണ്ടാക്കിയ ശേഷം രക്ഷപെട്ട് പാഞ്ഞെത്തിയ പ്രതികളുടെ ദൃശ്യങ്ങളാണിത്. അപകടശേഷവും എട്ടോളം വാഹനങ്ങളിൽ ഇടിച്ച് കടന്നുവന്ന കാറിനെ പിന്തുടർന്നു വന്ന നാട്ടുകാരാണ് കരുനാഗപ്പള്ളി കോടതിക്ക് സമീപം തടഞ്ഞത്. അഞ്ചു മിനിറ്റോളം നാട്ടുകാരുമായി വാക്കുതർക്കം. പിന്നാലെ അടുത്തുള്ള പ്രദീപിന്റെ വീട്ടിലേക്ക് ഓടിക്കയറി. കിടപ്പുമുറിയിൽ കയറി അട്ടഹസിച്ചും വീട്ടുകാരെ തള്ളിമാറ്റിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഒടുവിൽ അടുക്കള വാതിലിലൂടെ പുറത്തിറങ്ങി മതിൽ ചാടി രക്ഷപ്പെട്ടു. പിന്നാലെ എത്തി അടുക്കളയിൽ ഒളിച്ച ഡോ. ശ്രീക്കുട്ടിയെ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നെന്നും വീട്ടുടമ പ്രദീപ്. 

പ്രതി അജ്മലിന് രാസലഹരി ഇടപാട് ഉണ്ടെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. ഇരുവരും രാസലഹരി ഉപയോഗിച്ചെന്ന സംശയത്തിൽ പ്രതികളുടെ രക്ത- മൂത്ര സാമ്പിളുകൾ പൊലീസ് പരിശോധനയ്ക്ക് അയച്ചു. അപകടത്തിൽ പരുക്കേറ്റ ഫൗസിയയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. പ്രതികളെ അടുത്ത ദിവസം തന്നെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം.