veena-george

മലപ്പുറത്തെ നിപ സമ്പര്‍ക്കപ്പട്ടികയില്‍ 26 പേര്‍ ഹൈയസ്റ്റ് റിസ്കിലെന്ന് ആരോഗ്യമന്ത്രി. അതേസമയം വണ്ടൂര്‍ നടുവത്ത് നിപ ബാധിച്ചു മരിച്ച യുവാവുമായി സമ്പര്‍ക്കമുളള 13 പേരുടെ നിപ പരിശോധന ഫലം നെഗറ്റീവ്. നിപ ലക്ഷണമുളളവരേയും പനി ബാധിതരെ കണ്ടെത്താനുളള സര്‍വേ തിരുവാലി, മമ്പാട്, വണ്ടൂര്‍ പഞ്ചായത്തുകളില്‍ തുടരുകയാണ്. എംപോക്സ് ലക്ഷണങ്ങളോടെ 38 കാരന്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുണ്ട്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

നിപ ബാധിച്ചു മരിച്ച 24കാരനുമായി നേരിട്ടു സമ്പര്‍ക്കമുളള 13 പേരുടെ പരിശോധനഫലം നെഗറ്റീവായത് ആശ്വാസമായി. ഇനിയും ഹൈയസ്റ്റ് റിസ്ക് വിഭാഗത്തിലുളള 26 പേര്‍ കൂടി നിരീക്ഷണത്തിലുണ്ട്. യുവാവുമായി സമ്പര്‍ക്കത്തിലുളളവരേയും രോഗ ലക്ഷണമുളളവരേയും കണ്ടെത്താനുളള ശ്രമം അതിവേഗം പുരോഗമിക്കുകയാണന്ന് ആരോഗ്യമന്ത്രി പറഞ്ഞു. 

ദുബായില്‍ നിന്നു വന്ന എടവണ്ണ സ്വദേശിയായ 38കാരനാണ് എംപോക്സ് ലക്ഷണങ്ങളുമായി മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുളളത്. സ്രവപരിശോധനക്കായി സാംപിള്‍ കോഴിക്കോട്ടേക്ക് അയച്ചു. നിപ പ്രാഥമിക പരിശോധനക്കുളള സൗകര്യം മഞ്ചേരി മെഡിക്കല്‍ കോളജിലെ ലാബില്‍ തന്നെ സജ്ജമാക്കിയിട്ടുണ്ട്.