ഉരുള്‍പൊട്ടലില്‍ നിശ്ചലമായ വയനാട് ടൂറിസത്തെ പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ട് ടൂറിസം മന്ത്രിയിട്ട ഫെയ്സ് ബുക്ക് കുറിപ്പില്‍ നിയമലംഘനം ചൂണ്ടിക്കാണ്ടി ശുചിത്വമിഷന്‍ ജീവനക്കാരന്‍. സഞ്ചാരികളെ കാടമുട്ട ഫ്രൈ കഴിക്കാന്‍ ക്ഷണിച്ചുകൊണ്ട് പങ്കുവച്ച തെര്‍മോക്കോള്‍ പ്ലേറ്റില്‍ വിളമ്പിയ മുട്ടയുടെ ചിത്രമാണ് തിരിച്ചടിയായത്. തെര്‍മോകോള്‍ പ്ലേറ്റ് നിരോധിച്ചതാണന്നും അരലക്ഷം രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണെന്നുമാണ് ജീവനക്കാരന്‍ ചൂണ്ടിക്കാണിക്കുന്നത്
താമരശ്ശേരി ചുരത്തിലെ കാടമുട്ട ഫ്രൈ കഴിച്ചിട്ടുണ്ടോ? കഴിച്ചവര്‍ ഒന്നുകൂടെ പോയി കഴിക്കണം. ഇതുവരെ കഴിക്കാത്തവര്‍ അത് ഉറപ്പായും ട്രൈ ചെയ്യണം.കോടമഞ്ഞ് കണ്ട് ചൂട് ചായയോടൊപ്പം കാടമുട്ട ഫ്രൈ കഴിക്കുമ്പോള്‍ ഒരു പ്രത്യേക അനുഭവമാണന്നും മന്ത്രി പറയുന്നു. നല്ല ലക്ഷ്യത്തോടെ മന്ത്രി മുഹമ്മദ് റിയാസിട്ട പോസ്റ്റ് പക്ഷെ അല്‍പം പാളി. കണ്ണൂര്‍ ശുചിത്വമിഷനിലെ എന്‍ഫോഴ്സ്മെന്‍റ് ഓഫിസര്‍ കെ.ആര്‍ അജയകുമാറാണ് തെര്‍മോക്കോള്‍ പ്ലേറ്റ് ഉപയോഗിക്കുന്നതിന്‍റെ നിയമലംഘനം കമന്റിലൂടെ മന്ത്രിയെ ഒാര്‍മപ്പെടുത്തുന്നത്. സര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് നിരോധിച്ചതാണ് തെര്‍മോക്കോള്‍ പ്ലേറ്റുകള്‍.ഒരു തവണ പിടിച്ചാല്‍ പതിനായിരം രൂപയും രണ്ടാംതവണ പിടിച്ചാല്‍ 25000 രൂപയും മൂന്നാംതവണ പിടിച്ചാല്‍ അന്‍പതിനായിരം രൂപയുമാണ് പിഴയെന്നും അജയകുമാര്‍ പറയുന്നു. തെര്‍മോക്കോള്‍ വലിച്ചെറിയുന്നതിന്റ ദോഷങ്ങളും സംസ്കരിക്കുന്നതിലെ ബുദ്ധിമുട്ടുകളുമെല്ലാം കമന്‍റില്‍ വിവരിക്കുന്നുണ്ട്. വലിച്ചെറിയല്‍ മുക്ത കേരളമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ കൂടി നടപടി സ്വീകരിക്കണമെന്ന് അപേക്ഷയോടെയാണ് അജയകുമാറിന്റ കമന്‍റ് അവസാനിക്കുന്നത്. കാടമുട്ട കഴിക്കാന്‍ വരാം പക്ഷെ ആദ്യം റോഡ് നന്നാക്കൂവെന്നാണ് പൊതുമരാമത്ത് മന്ത്രി കൂടിയായ മുഹമ്മദ് റിയാസിനോടുള്ള ഒരു കൂട്ടരുടെ അഭ്യര്‍ഥന. കാട മുട്ട കഴിക്കാന്‍ വണ്ടി നിര്‍ത്തി പെറ്റി കിട്ടിയവരാണ് മറ്റൊരു കൂട്ടര്‍. കാടമുട്ടയ്ക്ക് 50 രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് 500 രൂപ.നെയ്യപ്പം തിന്നാല്‍ രണ്ടുഗുണം..എന്നിങ്ങനെ പോകുന്നു പോസ്റ്റിന് താഴെയുള്ള മറ്റ് ട്രോളുകള്‍