സീനിയര്‍ റസിഡന്‍റ് ഡോക്ടര്‍മാരുടെ കാലാവധി പൂര്‍ത്തിയായതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കും. ഡോക്ടര്‍മാരുടെ കുറവ് കാരണം ഇപ്പോള്‍തന്നെ പ്രതിസന്ധിയിലായ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാവും. അടിയന്തര ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കേണ്ടിവരുമെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അത്യാഹിതവിഭാഗത്തില്‍ ഒരുദിവസം ഇരുന്നൂറോളം പേരും ഒപിയില്‍ 3700 ഓളം പേരുമാണ് എത്തുന്നത്. ഇതിനനുസരിച്ചുള്ള ഡോക്ടര്‍മാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലില്ല. ഇതിനിടെയാണ് 67 സിനീയര്‍ റെസിഡന്‍റുമാര്‍ കൂടി പടിയിറങ്ങുന്നത്.
130 സിനീയര്‍ റെസിഡന്‍റുമാരുടെ ഒഴിവുകളാണ് കോഴിക്കോടുള്ളത്. സാമ്പത്തിക പ്രതിസന്ധി കാരണം ഇതില്‍ മൂന്നിലൊന്ന് ഒഴിവുകള്‍ മാത്രമേ നികത്തിയിരുന്നുള്ളു.അവരാണ് ഇപ്പോള്‍ പടിയിറങ്ങിയത് . 99 റസിഡന്റ് ഡോക്ടര്‍മാര്‍ ക്ലിനിക്കല്‍ വിഭാഗത്തില്‍ മാത്രം വേണം. അത്യാഹിതവിഭാഗം, ഓപ്പറേഷന്‍ തിയേറ്റര്‍, വാര്‍ഡുകള്‍, ഒപി എന്നിവിടങ്ങളില്‍ പ്രധാനമായും സീനിയര്‍ റെസിഡന്‍റുമാരുടെ സേവനമാണ് ഉപയോഗപ്പെടുത്തുന്നത്. അടുത്ത ബാച്ച് വരണമെങ്കില്‍ ജൂനിയര്‍ റെസിഡന്‍റ് പരീക്ഷ കഴിഞ്ഞ് ഫലം പ്രഖ്യാപിക്കണം. ഡിസംബറിലാണ് ഫൈനല്‍ പരീക്ഷ. ഫലപ്രഖ്യാപനം കഴിഞ്ഞ് സിനീയര്‍ റെസിഡന്‍റുമാരെ നിയമിക്കുമ്പോള്‍ ഫെബ്രുവരിയാകും. അത്രയും നാള്‍ അടിയന്തര ശസ്ത്ര ക്രിയകള്‍ ഉള്‍പ്പടെ മാറ്റിവയ്ക്കേണ്ടിവരും.