തൃശൂരിന്റെ വനാതിര്‍ത്തിയിലെ മുപ്ലി ഗ്രാമത്തില്‍ വീട്ടുമുറ്റത്ത് പുലിയിറങ്ങി. വളര്‍ത്തുനായയുടെ നിര്‍ത്താതെയുള്ള കുര കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ജനല്‍ തുറന്നപ്പോള്‍ നേരെമുമ്പില്‍ പുലി. സിസിടിവി കാമറയില്‍ പുലിയുടെ ദൃശ്യങ്ങളും പതിഞ്ഞു.
തൃശൂര്‍ മുപ്ലി സ്വദേശിയായ ടാപ്പിങ് തൊഴിലാളി ജോസഫിന്റെ വീടാണിത്. ഇന്നു പുലര്‍ച്ചെ ഒന്നരയോടെ വീടിന്റെ മുറ്റത്തേയ്ക്കു വന്നത് പുലിയാണ്. നായ നിര്‍ത്താതെ കുരച്ചു. കള്ളന്‍മാര്‍ ആരെങ്കിലുമാണോയെന്ന സംശയത്തിലാണ് ജനല്‍ തുറന്നത്. നോക്കുമ്പോള്‍ പുലി. ഭയന്നുവിറച്ച വീട്ടുകാര്‍ ജനലിന്റെ കതകടച്ചു. സി.സി.ടി.വി കാമറയിലൂടെ പുലിയുടെ നീക്കങ്ങള്‍ വീട്ടുകാര്‍ നിരീക്ഷിച്ചു. പുലിയെ കണ്ടശേഷം വീട്ടുകാരുടെ ഉറക്കം നഷ്ടപ്പെട്ടു. വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉടനെ വിവരമറിയിച്ചു. സ്ഥിരമായി ആനയും പുലിയുമിറങ്ങുന്ന ഗ്രാമമാണിത്. പക്ഷേ, വീട്ടുമുറ്റത്തേയ്ക്കു പുലി വരുന്നത് ഇതാദ്യമാണ്. അതിന്റെ ഞെട്ടലലിലുമാണ് നാട്ടുകാര്‍. കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്ന ആവശ്യം ശക്തമാണ്. ചിമ്മിനി വനമേഖലയില്‍ നിന്ന് വന്ന പുലി കാട്ടിലേയ്ക്കു മടങ്ങാനുള്ള സാധ്യത കുറവാണെന്ന് നാട്ടുകാര്‍ പറയുന്നു. അതുക്കൊണ്ടുതന്നെ, രാവുംപകലും നാട്ടുകാര്‍ ജാഗ്രത പാലിക്കണം. ടാപ്പിങ് തൊഴിലാളികളാണ് ഈ പരിസരത്ത് താമസിക്കുന്നവര്‍. നേരംപുലര്‍ന്ന ശേഷം മാത്രം ടാപ്പിങ്ങിന് ഇറങ്ങണമെന്നാണ് വനംവകുപ്പിന്റെ നിര്‍ദ്ദേശം.