actress-attack

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഈ വർഷം തന്നെ പൂർത്തിയായേക്കും. കേസിൽ പ്രോസിക്യൂഷൻ സാക്ഷിവിസ്താരം പൂർത്തിയായി. പ്രതിഭാഗം സാക്ഷികളുടെ വിസ്താരത്തിനും അന്തിമവാദത്തിനും ശേഷം ഈ വർഷം തന്നെ കേസിൽ വിധി വരാനാണ് സാധ്യത.

 

നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെ, വിചാരണ അനന്തമായി നീണ്ടുപോകുന്നതിനെ സുപ്രീംകോടതി വിമർശിച്ചിരുന്നു. കേസിന്റെ വിചാരണ ഇപ്പോഴൊന്നും തീരാൻ സാധ്യതയില്ലെന്നായിരുന്നു സുപ്രീംകോടതി പറഞ്ഞത്. എന്നാൽ ഈ വർഷം തന്നെ വിചാരണ പൂർത്തിയാകും എന്നാണ് പുറത്തുവരുന്ന വിവരം. കേസിലെ പ്രോസിക്യൂഷൻ സാക്ഷി വിസ്താരം കഴിഞ്ഞയാഴ്ച പൂർത്തിയായി. 2020 ജനുവരിയിൽ ആരംഭിച്ച സാക്ഷി വിസ്താരമാണ് പൂർത്തിയായത്. 261 സാക്ഷികളെയാണ് പ്രോസിക്യൂഷന്റേതായി വിസ്തരിച്ചത്. ഇതിൽ അവസാന സാക്ഷിയും അന്വേഷണ ഉദ്യോഗസ്ഥനുമായ ബൈജു പൗലോസിനെ മാത്രം 109 ദിവസം വിസ്തരിച്ചു. ഇതിൽ 87 ദിവസവും എട്ടാം പ്രതി ദിലീപിൻ്റെ അഭിഭാഷകന്റെ ക്രോസ് വിസ്താരമായിരുന്നു. കുറ്റപത്രത്തിന്റെയും, പ്രോസിക്യൂഷൻ സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ പ്രതികളെ കോടതി നേരിട്ട് ചോദ്യം ചെയ്യുന്ന നടിയാണ് അടുത്തത്. ഇതിന് പിന്നാലെ പ്രതിഭാഗം സാക്ഷിവിസ്താരമാണ് നടക്കുക. ഇതിനുശേഷമായിരിക്കും അന്തിമവാദം. ഈ നടപടികളെല്ലാം നവംബറോടെ പൂർത്തിയാക്കും എന്നാണ് വിവരം. തുടർന്ന് ഈ വർഷം തന്നെ കേസിൽ വിധി പറയാനും സാധ്യതയുണ്ട്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി ഹൈക്കോടതിയിലുണ്ട്. അത് പക്ഷേ പ്രധാന കേസിൻ്റെ വിചാരണയെ ബാധിക്കാൻ സാധ്യതയില്ല.

ENGLISH SUMMARY:

Trial of the actress assault case may be completed this year itself