ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനുള്ള സ്ഥലം കണ്ടെത്തൽ അന്തിമ ഘട്ടത്തിലെത്തി. കൽപ്പറ്റയിലും മേപ്പാടിക്കടുത്ത് നെടുമ്പാലയിലുമായി ഭൂമി ഉടൻ ഏറ്റെടുക്കും. ആയിരം സ്ക്വയർ ഫീറ്റുള്ള ഒരേ മാതൃകയിലുള്ള വീടുകളും ടൗൺഷിപ്പുമാകും ദുരന്ത ബാധിതർക്കായി ഒരുക്കുക. ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസം ഏറെകുറേ ഈ രീതിയിലായിരിക്കും. 1000 ചതുരശ്ര അടിയുള്ള ഒരേ മാതൃകയിലുള്ള വീടുകൾ. പഴയ മുണ്ടകൈയും ചൂരൽമലയും പുനസ്ഥാപിച്ച് ടൗൺഷിപ്പൊരുക്കുമെന്ന് വാഗ്ദാനം..
പൂർണ പുനരധിവാസത്തിനുള്ള നടപടി പ്രധാനഘട്ടത്തിലാണ്. രണ്ടിടങ്ങള്‍ സർക്കാർ തിരഞ്ഞെടുത്തു. വരും ദിവസങ്ങളില്‍ അവ ഏറ്റെടുക്കും. കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന എല്‍സ്റ്റണ്‍ എസ്റ്റേറ്റാണ് ഒന്നാമത്തേത്. മെഡിക്കല്‍ കോളേജ് ആശുപത്രിക്കും എയര്‍ സ്ട്രിപ്പിനും എല്‍സ്റ്റണ്‍ നേരത്തേ പരിഗണിച്ചിരുന്നതാണ്. ഭൂമിയുടെ വിലയുമായി ബന്ധപ്പെട്ട് ധാരണയിലെത്താനാവാത്തതിനാല്‍ നടന്നില്ല. നഗരത്തോട് ചേര്‍ന്ന ഭൂമിയായതിനാല്‍ സുരക്ഷിതത്വവും അനുകൂലമാണ്
മേപ്പാടിയില്‍ നിന്ന് 6 കിലോ മീറ്റര്‍ അകലെയാണ് നെടുമ്പാലയിലെ ഹാരിസണ്‍ എസ്റ്റേറ്റ്. മേപ്പാടി സ്കൂളില്‍ ചേര്‍ന്ന ദുരന്ത മേഖലയിലെ കുട്ടികളെയും പരിഗണിച്ചാണ് ഈ സ്ഥലം കണ്ടെത്തിയത്. ഗതാഗത സൗകര്യമുള്ളതിനാല്‍ വീടു നിര്‍മാണവും എളുപ്പത്തിലാകും.
ദുരന്തത്തിൽ 145 വീടുകൾ പൂർണമായും 170 വീടുകൾ ഭാഗികമായും തകർന്നെന്നാണ് ഔദ്യോഗിക കണക്ക്. 240 വീടുകൾ വാസയോഗ്യമല്ലാതാവുകയും 183 വീടുകൾ അപ്രത്യക്ഷമാവുകയും ചെയ്തു. 728 കുടുംബങ്ങളിലെ 2569 ആളുകളേയാണ് താൽകാലികമായി പുനരധിവസിപ്പിപ്പിച്ചത്.