pooram-ajith-kumar

പൂരം കലക്കല്‍ വിവാദത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി എഡിജിപി എം.ആര്‍.അജിത് കുമാര്‍. മനോരമ ന്യൂസ് വാർത്തക്ക് പിന്നാലെയാണ് അഞ്ച് മാസം പൂഴ്ത്തിയ റിപ്പോർട്ട് സമര്‍പ്പിച്ചത്. ഡിജിപിയുടെ നിർദേശങ്ങൾ ചേർത്ത് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും. ഒരാഴ്ച കൊണ്ട് പൂർത്തിയാക്കും എന്നു പറഞ്ഞു തുടങ്ങിയ അന്വേഷണമാണ് അഞ്ചുമാസം തികയുന്ന അവസരത്തിൽ സമർപ്പിക്കുന്നത്.

അന്വേഷണ റിപ്പോര്‍ട്ട് ചൊവ്വാഴ്ച സമര്‍പ്പിക്കാനാണ് മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണത്തിലെ അട്ടിമറി പുറത്തുകൊണ്ടുവന്ന മനോരമ ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെയാണ് നടപടി. മനോരമ ന്യൂസ് വാർത്തക്ക് പിന്നാലെ മൗനം വെടിഞ്ഞ മുഖ്യമന്ത്രി അന്വേഷണം വൈകിയെന്നും സമ്മതിച്ചിരുന്നു. നേരത്തെ വിവരാവകാശ മറുപടി തെറ്റെന്ന് വാർത്താ കുറിപ്പിലൂടെ പ്രതികരിച്ചിരുന്നു. വിവരാവകാശ ചോദ്യത്തിന് മറുപടി നൽകിയ ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്തതിന് വിവരാവകാശമറുപടി വസ്തുതാവിരുദ്ധമായതിനാലാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ ന്യായീകരണം. 

മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് ആസ്ഥാനത്ത് ഇല്ലെന്നായിരുന്നു മനോരമ ന്യൂസിന്റെ ചോദ്യത്തിന് നൽകിയ വിവരാവകാശ മറുപടി. പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ കൂടിയായ ഡിവൈഎസ്പി എംഎസ് സന്തോഷിനെയാണ് ഈ മറുപടിയുടെ പേരിൽ സസ്പെൻഡ് ചെയ്തത്. തെറ്റായ മറുപടി നൽകി സർക്കാരിനും പൊലീസിനും കളങ്കം ഉണ്ടാക്കി എന്നാണ് കുറ്റം. പക്ഷെ ആരോപണ വിധേയനായ എ.ഡി.ജി.പിയെ അന്വേഷണചുമതലയില്‍ നിന്ന് മാറ്റാന്‍ തയാറല്ല. വിവരാവകാശ മറുപടിയുടെ അടിസ്ഥാനത്തിൽ അന്വേഷണം അട്ടിമറിച്ച എന്ന മനോരമ ന്യൂസ് വാർത്ത വലിയ ചർച്ചയായിരുന്നു.

അതേസമയം, റിപ്പോര്‍ട്ടിനായി കാത്തിരുന്ന സി.പി.ഐക്കും ആശ്വാസമാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. മുഖ്യമന്ത്രിയുടെ ഉറപ്പ് വിശ്വസിക്കുന്നതായി സി.പി.ഐ നേതാവ് വി.എസ്.സുനില്‍കുമാര്‍ പ്രതികരിച്ചപ്പോള്‍ കൃത്യമായി അന്വേഷിച്ചാല്‍ മുഖ്യമന്ത്രി കുടുങ്ങുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. അന്വേഷണ റിപ്പോര്‍ട്ടിലും അട്ടിമറി സംശയിക്കുന്ന പ്രതിപക്ഷം മുഖ്യമന്ത്രിയെ വീണ്ടും പ്രതിക്കൂട്ടിലാക്കുകയാണ്.

ENGLISH SUMMARY:

ADGP M.R. Ajith Kumar handed over the investigation report to the DGP in the Pooram Kalakal controversy.