റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയ കെട്ടിടങ്ങൾക്ക് പ്രവർത്തനാനുമതി നൽകി ഇടുക്കി ചിന്നക്കനാൽ പഞ്ചായത്ത് സെക്രട്ടറി. പ്രവർത്തനം നിർത്തിവെച്ച അഞ്ച് കെട്ടിടങ്ങൾക്കാണ് വീണ്ടും അനുമതി നൽകിയത്. ഹൈക്കോടതി ഉത്തരവിനെ മറികടന്നാണ് സെക്രട്ടറിയുടെ നടപടി.
നിയമലംഘനം നടന്നെന്ന് കണ്ടെത്തിയതിനെ തുടർന്ന് ചിന്നക്കനാൽ പഞ്ചായത്തിലെ ഏഴ് കെട്ടിടങ്ങൾക്കാണ് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയത്. നടപടി നേരിട്ടതിന് പിന്നാലെ കെട്ടിടങ്ങൾക്ക് പ്രവർത്തനാനുമതി നൽകരുതെന്ന് 2023 ൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇത് കണക്കിലെടുക്കാതെയാണ് പഞ്ചായത്തിലെ അഞ്ച് കെട്ടിടങ്ങൾക്ക് സെക്രട്ടറി വീണ്ടും പ്രവർത്തനാനുമതി നൽകിയത്. സെക്രട്ടറി നടപടി പഞ്ചായത്ത് കമ്മറ്റി പരിശോധിക്കുമെന്ന് ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി
പ്രവർത്തനാനുമതി നിഷേധിച്ച കെട്ടിടങ്ങൾ യാതൊരു രീതിയിലും ഉപയോഗിക്കുന്നില്ലയെന്ന് പഞ്ചായത്ത് സെക്രട്ടറിമാർ ഉറപ്പുവരുത്തണമെന്ന ഹൈക്കോടതി നിർദ്ദേശവും പഞ്ചായത്ത് സെക്രട്ടറി പാലിച്ചിട്ടില്ല. എന്നാലിത് ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് സെക്രട്ടറിയുടെ വിശദീകരണം. ജില്ലയിൽ 57 കെട്ടിടങ്ങൾക്കാണ് നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് സ്റ്റോപ്പ് മെമ്മോ നൽകിയത്. പ്രവർത്തനാനുമതി നിഷേധിച്ച കെട്ടിടങ്ങൾ ഏതെങ്കിലും തരത്തിൽ പ്രവർത്തനം നടത്തുന്നുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കനൊരുങ്ങുകയാണ് റവന്യൂ വകുപ്പ്