യുകെയില്‍ ജോലിവാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി കൊച്ചിയിലെ റിക്രൂട്ട്മെന്‍റ് സ്ഥാപനം. അറസ്റ്റിലായ ഉടമകള്‍ ജാമ്യത്തിലിറങ്ങിയെങ്കിലും ഉദ്യോഗാര്‍ഥികള്‍ക്ക് മുടക്കിയ ലക്ഷങ്ങള്‍ തിരികെ ലഭിച്ചില്ല. ജോലിയും പണവും ലഭിക്കാതായതോടെ പ്രതിഷേധവുമായെത്തിയ ഉദ്യോഗാര്‍ഥികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനും നീക്കം നടക്കുന്നു.
തമ്മനത്ത് പ്രവര്‍ത്തിച്ചിരുന്ന വി സെര്‍വ് എഡ്യു എബ്രോഡായിരുന്നു തട്ടിപ്പിന്‍റെ പ്രധാന കേന്ദ്രം. യുകെയില്‍ കെയര്‍ അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് പതിനെട്ട് ലക്ഷത്തിലേറെ രൂപയാണ് ഓരോ ഉദ്യോഗാര്‍ഥികളില്‍ നിന്നും സ്ഥാപനത്തിന്‍റെ ഉടമകള്‍ തട്ടിയത്. കട്ടപ്പന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇമിഗ്രന്‍റ് അക്കാദമിയെന്ന സ്ഥാപനവുമായി കൈകോര്‍ത്തായിരുന്നു തട്ടിപ്പ്.
ജോലി ലഭിക്കാതെവന്നതോടെ പ്രതിഷേധവുമായെത്തിയ ഉദ്യോഗാര്‍ഥികള്‍ക്ക് വണ്ടിചെക്ക് നല്‍കിയും കബളിപ്പിച്ചു. വഞ്ചിക്കപ്പെട്ട ഇരുപത്തിയഞ്ചിലേറെ പേര്‍ നല്‍കിയ പരാതിയില്‍ വി സെര്‍വിന്‍റെ ഉടമകളായ ടിനോയ് തോമസ്, രൂപ റേച്ചല്‍, സിനു മുകുന്ദന്‍ എന്നിവരെ അറസറ്റ് ചെയ്തു.
ജാമ്യത്തിലിറങ്ങിയ തട്ടിപ്പ് സംഘം കൊച്ചിയില്‍ വീണ്ടും ഓഫിസ് തുറന്നതോടെ പണം നഷ്ടപ്പെട്ടവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. വായ്പയെടുത്ത് പണം നല്‍കിയവരുടെ വീടടക്കം ജപ്തി ഭീഷണിയിലാണ്. വിദേശത്തൊരു തൊഴിലെന്ന സ്വപ്നത്തിനൊപ്പം ഇവരുടെ ജീവിതം തന്നെ തട്ടിപ്പ് സംഘം അനിശ്ചിതത്വത്തിലാക്കി.