mmlawrence-tribute

സി.പി.എം നേതാവ് എം.എം.ലോറന്‍സിന്റെ അന്ത്യയാത്രയില്‍ എറണാകുളം ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങള്‍. തര്‍ക്കത്തിനിടെ മകള്‍ നിലത്തുവീണു. ചെറുമകനു നേരെ കയ്യേറ്റശ്രമമുണ്ടായി. ബലപ്രയോഗത്തിലൂടെ ആശ ലോറന്‍സിനെയും ചെറുമകനെയും മാറ്റി. ഒടുവില്‍ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

 

മൃതദേഹം സൂക്ഷിക്കാന്‍ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് നടപടി. മൃതദേഹം മെഡിക്കല്‍‌ കോളജിന് കൈമാറരുതെന്ന മകളുടെ ഹര്‍ജിയിലാണ് ഉത്തരവ്. അന്തിമ തീരുമാനം മെഡിക്കല്‍ കോളജ് സൂപ്രണ്ടിനുവിട്ടു. മകള്‍ ആശ ലോറന്‍സിന്റെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.

പിതാവിന്റെ സംസ്കാരം ക്രൈസ്തവ മതാചാരപ്രകാരം കത‌ൃക്കടവ് പള്ളിയില്‍ സംസ്കരികരിക്കണമെന്നാണ് മകളുടെ ആവശ്യം.  മൃതദേഹം മെ‍ഡിക്കല്‍ കോളജിന്  കൈമാറുന്നത് പിതാവിന്‍റെ ഇഷ്ടപ്രകാരമെന്ന് മകന്‍ സജീവന്‍ പറഞ്ഞു. ആശയെ ചിലര്‍ കരുവാക്കുന്നുവെന്നും സജീവന്‍ ആരോപിച്ചു. എം.എം.ലോറന്‍സ് ഇടവകാംഗത്വമടക്കം റദ്ദുചെയ്തിരുന്നില്ലെന്നും അച്ഛന്റെ ആഗ്രഹം അതില്‍നിന്ന് വ്യക്തമാണല്ലോയെന്നും മകള്‍ ആശ. മകന്‍ ബി.ജെ.പി. സംഘടിപ്പിച്ച സമരത്തിന് പോയതുമുതല്‍ തനിക്കുമേല്‍ ബി.ജെ.പി. ബന്ധം ആരോപിക്കുകയാണ്. സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍ തന്നോട് പ്രതികാരം തീര്‍ക്കുകയാണെന്നും ആശ പറഞ്ഞു