wild-boar

TOPICS COVERED

കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റ് കിടപ്പിലായ യുവാവിനോട് കരുണയില്ലാതെ വനംവകുപ്പ്. പാലക്കാട് മലമ്പുഴ സ്വദേശി സതീഷ് കുമാറാണ് ഒരുമാസത്തിലേറെയായി ഒറ്റമുറി വീട്ടില്‍ ദുരിതജീവിതം നയിക്കുന്നത്. പന്നി ആക്രമിച്ചതിന് സഹായം തേടി വനംവകുപ്പ് ഓഫിസിലെത്തിയ സതീഷിന്റെ ഭാര്യയെ ഉദ്യോഗസ്ഥര്‍ പരിഹസിച്ച് തിരിച്ചയച്ചുവെന്ന് കുടുംബം. 

 

മനസിലും മുന്നോട്ടുള്ള വഴികളിലും ഇരുളടഞ്ഞു. ഇനിയെന്തെന്ന് ഓര്‍ത്തോര്‍ത്തിരുന്ന് കിടക്കയില്‍ കരഞ്ഞ് കലങ്ങിയ കണ്ണുമായി സതീഷ് കുമാര്‍. അച്ഛന്‍ കിടപ്പിലായതോടെ പത്ത് വയസുകാരന്‍ ശ്യാം കൃഷ്ണയും പ്രതീക്ഷയറ്റുള്ള ഇരിപ്പാണ്. ഓണവും ഓണക്കോടിയുമില്ലാതെ എല്ലാം ഉള്ളിലൊതുക്കി. ദിവസക്കൂലിക്കാരനായ സതീഷ് കുമാര്‍ ജോലി കഴിഞ്ഞ് ബൈക്കില്‍ തിരികെ വരുമ്പോഴായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. പാഞ്ഞെത്തിയ പന്നി വലതു കാല്‍പ്പാദം പൂര്‍ണമായും തകര്‍ത്താണ് അരിശം തീര്‍ത്തത്. തളര്‍ന്ന് വീണ സതീഷ് കുമാറിന് ഒരു മാസം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കഴിയേണ്ടി വന്നു. അപക‌ടപ്പിറ്റേന്ന് വനംവകുപ്പ് ഓഫിസില്‍ സഹായം തേടിയെത്തിയ സതീഷിന്റെ ഭാര്യയോട് സഹാനുഭൂതിയില്ലാത്ത മട്ടിലായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. 

കാറ്റടിച്ചാല്‍ പാറിപ്പോവുന്ന ഒറ്റമുറി വീട്ടില്‍ നിത്യവൃത്തിക്ക് വകയില്ലാതിരിക്കുമ്പോഴാണ് എഴുന്നേറ്റ് നടക്കാനുള്ള ആരോഗ്യത്തിനായി ലക്ഷങ്ങള്‍ കണ്ടേത്തണ്ടത്. കൂട്ടിയാല്‍ കൂടില്ലെന്ന് ഇവര്‍ വേദനയോടെ പറയുന്നു. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ജീവിതം വഴിമുട്ടിയവര്‍ക്കുള്ള സഹായം അടിയന്തരമായി അനുവദിക്കാന്‍ വനം മന്ത്രി ഇടപെടുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.

ENGLISH SUMMARY:

The forest department showed no mercy to the young man who was injured in the wild boar attack