കാഫിര്‍ സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചെന്ന് കണ്ടെത്തിയ ഡി വൈ എഫ് ഐ വടകര ബ്ലോക്ക് പ്രസിഡന്‍റ് റിബേഷ് രാമകൃഷ്ണന്‍റെ ഫോണ്‍ ഫോറന്‍സിക്ക് പരിശോധനയക്ക് അയച്ചുള്ള പൊലീസ് കാത്തിരിപ്പ് ഒരു മാസം പിന്നിട്ടു. സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചതായി പൊലീസ് കണ്ടെത്തിയ മറ്റൊരാളായ കെ.കെ മനീഷിനെ സി പി എം ബ്രാഞ്ച് സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തതോടെ അന്വേഷണം തന്നെ അട്ടിമറിക്കപ്പെടുമോയെന്ന ആശങ്ക ശക്തമാണ്.
കാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചിട്ട് ബുധനാഴ്ചച അഞ്ചുമാസമാകും. പ്രചരിപ്പിച്ചത് ആരെന്ന് കണ്ടെത്തിയെങ്കിലും ആരാണ് നിര്‍മിച്ചതെന്ന് കണ്ടെത്താന്‍ പൊലീസിന് ഇനിയും ആയിട്ടില്ല. ഡി വൈ എഫ് ഐ വടകര ബ്ലോക്ക് പ്രസിഡന്‍റ് റിബേഷ് രാമക്യഷ്ണന്‍റെ വാട്സാപ്പില്‍ ആണ് ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് പൊലീസ് പറയുന്നു. പക്ഷെ എവിടെ നിന്ന് കിട്ടിയെന്ന് പറയാന്‍ റിബേഷ് ഇതുവരെ തയാറായിട്ടില്ല. റിബേഷിന്‍റെ ഫോണ്‍ ഫോറന്‍സിക്ക് പരിശാധനയ്ക്ക് അയച്ചിരിക്കുകയാണന്നാണ് പൊലീസ് ഹൈക്കോടതിയില്‍ പറഞ്ഞത്.മാസം ഒന്ന് കഴിഞ്ഞിട്ടും പൊലീസ് അതേ പല്ലവി ആവര്‍ത്തിക്കുന്നു. സ്കീന്‍ ഷോട്ട് പ്രചരിപ്പിച്ച എല്‍ പി സ്കൂള്‍ അധ്യാപകന്‍ കൂടിയായ റിബേഷിന് ഡി വൈ എഫ് ഐ പരസ്യമായാണ് പിന്തുണ പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ വകുപ്പ് ചുമതലപ്പെടുത്തിയ എ ഇ ഒ നടത്തിയ അന്വേഷണത്തിലും റിബേഷ് സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചതില്‍ ഒരു തെറ്റും കണ്ടിട്ടില്ല.കാഫിര്‍ സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച മറ്റൊരു ഫെയ്സ് ബുക്ക് അക്കൗണ്ടായ അമ്പാടിമുക്ക് സഖാക്കള്‍ പേജിന്‍റെ അഡ്മിന്‍ കെ കെ മനീഷിനെയും സി പി എം ചേര്‍ത്തുപിടിച്ചു. മനീഷിനെ കണ്ണൂര്‍ മയ്യില്‍ വേളം ബ്രാഞ്ച് സെക്രട്ടറിയായാണ് വീണ്ടും തിരഞ്ഞെടുത്തിരിക്കുന്നത്. പൊലീസ് അന്വേഷണത്തില്‍ ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് സി.പി എം ആരോപണ വിധേയരെ സംരക്ഷിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. കേസില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പൊലീസിന്‍റെ തുടര്‍ നീക്കങ്ങള്‍ ശരിയായ ദിശയിലാകണമെന്നും നിര്‍ദേശിച്ചാണ് പരാതിക്കാരന്‍ നല്‍കിയ ഹര്‍ജി മടക്കിയത്.