എം.ആര്‍.അജിത്കുമാറിനെതിരെയുള്ള വിജിലന്‍സിന്‍റെ പ്രാഥമിക പരിശോധന ഇന്ന് ആരംഭിക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയ്‌ക്കെതിരെയുള്ള എസ്.പിയുടെ അന്വേഷണത്തില്‍ വെല്ലുവിളികളേറെ. വ്യാഴാഴ്ചയാണ് ഡിജിപിയുടെ ശുപാര്‍ശയിന്‍മേല്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
ആരോപണവിധേയനെ അതേ സ്ഥാനത്തിരുത്തിയുള്ള തട്ടിക്കൂട്ട് അന്വേഷണമെന്ന പ്രതിപക്ഷ ആരോപണം, സ്വര്‍ണക്കടത്ത് സംഘത്തില്‍ നിന്നും അജിത്ത് കുമാര്‍ പണം വാങ്ങുന്നെന്ന അന്വേഷണ പരിധിയിലുള്ള ആരോപണം തള്ളിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസ്മീറ്റ്, വെല്ലുവിളികള്‍ നിറഞ്ഞ അന്വേഷണമാണ് വിജിലന്‍സ് ഇന്നു മുതല്‍ ആരംഭിക്കുന്നത്. അതും സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്ന ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥനെതിരെ താരതമ്യേന ജൂനിയറായ എസ്.പിയാണ് അന്വേഷണം നടത്തുന്നത്. പൊലീസിലെ ഏറ്റവും ഉയര്‍ന്ന ശ്രേണിയിലുള്ള ഉദ്യോഗസ്ഥനെ എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ എങ്ങനെ ചോദ്യം ചെയ്യുമെന്നു പേലും പൊലീസില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയമാണ്. സാധ്യതകള്‍ വിജിലന്‍സിനു ഏറെയുണ്ട്.
പരിശോധനയില്‍ തെളിവു കണ്ടെത്തിയാല്‍ സ്ഥാനത്തുനിന്നു മാറ്റി നിര്‍ത്താന്‍ അജിത് കുമാറിനെ സ്ഥാനത്തു നിന്നും മാറ്റി നിര്‍ത്താന്‍ വിജിലന്‍സിനു ആവശ്യപ്പെടാം. എന്നാല്‍ അത്ര റിസ്ക് എടുത്തുള്ള അന്വേഷണത്തിലേക്കും ശുപാര്‍ശയിലേക്കും വിജിലന്‍സ് പോകുമോയെന്നാണ് അറിയേണ്ടത്. എസ്.പി, കെ.എല്‍. ജോണ്‍കുട്ടിയാണ് പ്രത്യേക അന്വേഷണ സംഘ തലവന്‍. ഡി.വൈ.എസ്.പി ഷിബു പാപ്പച്ചന്‍, ഇന്‍സ്പെക്ടര്‍മാരായ കെ.വി.അഭിലാഷ്, കിരണ്‍ എന്നിവര്‍ സംഘത്തിലുണ്ട്. അനധികൃത സ്വത്ത് സമ്പാദനം, കോടികള്‍ ചെലവഴിച്ച് വീട് നിര്‍മാണം, കള്ളക്കടത്ത് സ്വര്‍ണം പിടിയ്ക്കുന്നതിലെ തട്ടിപ്പ്, കേസ് ഒതുക്കിയതിനു വന്‍ തുക കൈക്കൂലി കൈപ്പറ്റി തുടങ്ങിയ ആരോപണങ്ങളിലാണ് അന്വേഷണം. പ്രാഥമിക പരിശോധനയില്‍ ക്രമക്കേട് ബോധ്യപ്പെട്ടാല്‍ മാത്രമേ കേസെടുത്തുള്ള അന്വേഷണത്തിലേക്ക് കടക്കുകയുള്ളു.