ബെംഗളൂരുവിൽ ഓണാഘോഷത്തിൻ്റെ ഭാഗമായി ഫ്ലാറ്റില്‍ ഇട്ട പൂക്കളം അലങ്കോലമാക്കിയ യുവതിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പൊങ്കാല.
നഗരത്തിലെ തന്നിസാന്ദ്രയിലെ ഫ്ലാറ്റ് സമുച്ചയത്തിലായിരുന്നു സംഭവം. കുട്ടികൾ ഇട്ട പൂക്കളമാണ് മലയാളിയായ സ്ത്രീ ചവിട്ടി നശിപ്പിച്ചത്.
ഫ്ളാറ്റിലെ മറ്റുള്ളവർ ആവുന്നത്ര പറഞ്ഞിട്ടും അവർ പിന്മാറാൻ തയ്യാറായില്ല. റസിഡന്‍റ്സ് അസോഷിയേഷനും യുവതിയും തമ്മിലുള്ള തർക്കമാണ് ഇതിന് പിന്നിലെന്നാണ് വിവരം. ഇവർക്കെതിരെ കേസ് എടുക്കണം എന്ന ആവശ്യവും സമൂഹ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്.
‘നിങ്ങള്‍ കാല് അവിടെ നിന്ന് മാറ്റൂ... പൂക്കളം ഇട്ടിരിക്കുന്നത് നോക്കൂ, ദയവായി ആ പൂക്കളത്തില്‍ നിന്ന് ഇറങ്ങു‘ - ഇങ്ങനെ അടുത്ത് നിൽക്കുന്നയാൾ യുവതിയോട് പറയുമ്പോൾ അവരുടെ മറുപടി ഇപ്രകാരമായിരുന്നു. ‘നിങ്ങളുടെ വീട്ടില്‍ കൊണ്ടുപോയി പൂക്കളം ഇട്, ഓരോന്ന് ചെയ്യുമ്പോള്‍ ഓർക്കണം‘.
അപ്പാർട്ട്മെന്റിലെ എല്ലാവരെയും ഈ വിഡിയോ കാണിക്കും എന്ന് പറയുമ്പോള്‍ ‘കൊണ്ടുപോയി കാണിക്ക്’ എന്നായിരുന്നു യുവതിയുടെ മറുപടി. വിഡിയോ പുറത്തു വന്നശേഷം യുവതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനത്തിന്‍റെ പെരുമഴയാണ്. മറ്റുള്ളവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കാൻ പഠിക്കണം ആദ്യം എന്നാണ് രമേഷ് എന്നയാളുടെ കമന്റ്. അവിടെ മലയാളി അസോസിയേഷൻ ഇല്ലേ കേസ് കൊടുക്കാൻ എന്ന് ചോദിക്കുന്നു നവീൻ എന്ന യൂസര്‍.
ആ കുഞ്ഞുങ്ങളിട്ട പൂക്കളം ഈ സ്ത്രീ കാരണം ലോകം മുഴുവന്‍ കണ്ടുവെന്നാണ് വ്യാസന്‍ എന്നയാളുടെ രസകരമായ കമന്റ്. ‘നല്ല സംസ്കാര സമ്പന്ന, എത്ര കഷ്ടപെട്ടാണ് അത് ഇട്ടത് എന്നോർത്തുകൂടേ, പൂക്കളം വൈറൽ ആവാൻ സഹായിച്ച ചേച്ചിക്ക് നന്ദി, ഇത്രയും നല്ല പൂക്കളം നശിപ്പിക്കണമെങ്കിൽ എന്ത് മനസാണ് തുടങ്ങി യുവതിക്ക് എതിരായ കമന്റുകളാണ് മുഴുവൻ.