mukesh-arrested

ലൈംഗിക പീഡന പരാതിയില്‍ നടനും കൊല്ലം എംഎല്‍എയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. രാവിലെ മുതല്‍ മുകേഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുന്നു. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് അറസ്റ്റ്. മരടിലെ ഫ്ലാറ്റിലേയ്ക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് നടിയുടെ ആരോപണം.

 

സിനിമയിൽ അവസരവും അമ്മ സംഘടനയിൽ അംഗത്വവും വാഗ്ദാനം ചെയ്ത് മുകേഷ് പീഡിപ്പിച്ചുവെന്നാണ് നടി പരാതി നൽകിയത്. ഒറ്റപ്പാലത്തെ ഷൂട്ടിങ് സ്ഥലത്തേക്ക് കാറിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നതാണ് മറ്റൊരു ആരോപണം. ഓഗസ്റ്റ് 28 ന് മരട് പൊലീസ് മുകേഷിനെതിരെ കേസ് റജിസ്റ്റർ ചെയ്തു. ബലാൽസംഗം, സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, അതിക്രമിച്ച് കടക്കൽ, സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, മോശം വാക്പ്രയോഗം എന്നീ വകുപ്പുകളാണ് ചുമത്തിയത്. പത്തു വർഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ്. 

എറണാകുളം സെഷൻസ് കോടതി മുകേഷിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിന് വഴങ്ങാത്തതാണ് തനിക്കെതിരായ ആരോപണത്തിന് കാരണമെന്നാണ് മുകേഷിന്റെ വാദം. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ അടക്കം മുകേഷ് അന്വേഷണ സംഘത്തിന് നൽകി. 

ENGLISH SUMMARY:

Actor and Kollam MLA Mukesh was arrested by a special investigation team on a sexual harassment complaint. The investigation team had been interrogating him since morning. He was released on bail after his arrest.