ബലാല്‍സംഗക്കേസില്‍ നടന്‍ സിദ്ദിഖിനെ ഉടന്‍ അറസ്റ്റ് ചെയ്തേക്കും. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെയാണ് അറസ്റ്റിന് നീക്കം. കൊച്ചി സിറ്റി പൊലീസിന് ക്രൈംബ്രാഞ്ച് മേധാവി നിര്‍ദേശം നല്‍കി. സുപ്രീംകോടതി തീരുമാനം വരുന്നതുവരെ കാത്തിരിക്കേണ്ടെന്ന് അന്വേഷണ സംഘം നിലപാടെടുക്കുകയായിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിക്കാന്‍ നടന്‍ തീരുമാനിച്ചിരുന്നു.
അറസ്റ്റ് അഭ്യൂഹങ്ങള്‍ ശക്തമായതോടെ സിദ്ദിഖ് വീട്ടില്‍ നിന്ന് മാറിയതായാണ് വിവരം. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. പടമുകളിലെയും ആലുവയിലെയും വീടുകളില്‍ നടന്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ താരം കാക്കനാട്ടെ വീട്ടിലുണ്ടായിരുന്നു. Also Read: മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
അതിനിടെ, കേസിലെ രഹസ്യ വിവരങ്ങള്‍ പുറത്തായതില്‍ പരാതിക്കാരി അതൃപ്തി രേഖപ്പെടുത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നല്‍കി. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നീക്കങ്ങളില്‍ അതൃപ്തിയുണ്ടെന്നും ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാനുള്ള സമയം കിട്ടിയിട്ടുണ്ടെന്നും അവര്‍ പരാതിയില്‍ വ്യക്തമാക്കി. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ഗുരുതരമായ ആരോപണവും പരാതിക്കാരി ഉയര്‍ത്തുന്നു.