ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിനിമാമേഖലയിലെ വമ്പന്മാർക്കെതിരെ നടപടി തുടരുമ്പോൾ, എല്ലാ ശ്രദ്ധയും പ്രത്യേക അന്വേഷണ സംഘത്തിൽ. സിദ്ദിഖിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നെന്ന വിമര്‍ശനങ്ങള്‍ എസ്ഐടി മുഖവിലയ്ക്കെടുക്കുന്നില്ല. പരാതികളില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടി എടുക്കുന്ന കാര്യത്തിലും ആലോചന തകൃതിയാണ്.
കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനമാണ് എസ്ഐടിയുടെ കേന്ദ്രം. മുകേഷിനെ മൂന്നുമണിക്കൂര്‍ ചോദ്യംചെയ്തതും അറസ്റ്റ് രേഖപ്പെടുത്തിയതും ഇവിടെ വച്ചാണ്. ഇപ്പോള്‍ മുഴുവന്‍ ശ്രദ്ധയും സിദ്ദിഖിനെ പിടികൂടാന്‍. കൊച്ചിയിലെ ഹോട്ടലുകളില്‍ പൊലീസ് സംഘം അരിച്ചുപെറുക്കുന്നു. സിദ്ദിഖിന്‍റെ വസതികളും പരിചയക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം മുന്നോട്ട് പോവുകയാണ്. നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് എഐജി ജി.പൂങ്കുഴലി. മാധ്യമങ്ങളുമായി ആശയവിനിമയം പാടില്ലെന്ന് പ്രത്യേക അന്വേഷണസംഘത്തിന് ഹൈക്കോടതിയുടെ നിര്‍ദേശമുണ്ട്. അന്വേഷണത്തിന്‍റെ നിര്‍ണായക ഘട്ടത്തില്‍ പൂങ്കുഴലി പ്രതികരിച്ചത് കരുതലോടെ.
Also Read: ഹേമകമ്മിറ്റി റിപ്പോര്‍ട്ട്; പൂഴ്ത്തിവച്ച ഭാഗം പുറത്തുവിടില്ലെന്ന് സര്‍ക്കാര്‍
പുതിയ തെളിവുകളും മൊഴികളും ലഭിച്ചാല്‍ മുകേഷിനെ വീണ്ടും ചോദ്യംചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. മുന്‍കൂര്‍ ജാമ്യാപക്ഷയില്‍ വിധി വരുന്നതിന് മുന്‍പ് സിദ്ദിഖിനെ നിരീക്ഷിച്ചില്ല എന്ന വിമര്‍ശനം പലകോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. എന്നാല്‍ പരാതികളില്‍ ഇതുവരെയുള്ള നീക്കങ്ങള്‍ ശരിയായ ദിശയിലാണെന്നാണ് എസ്ഐടിയുടെ വിലയിരുത്തല്‍. പുതിയ പരാതികളിന്മേല്‍ പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യൂ. ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു തുടങ്ങിയ വമ്പന്‍മാരുടെ കാര്യത്തിൽ അന്വേഷണ സംഘത്തിന്‍റെ അടുത്ത നീക്കം എന്തെന്നാണ് കേരളം ഉറ്റുനോക്കുന്നത്.