arjun-lorry-manaf

ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായി അർജുനെ കാണാതായതിന് പിന്നാലെ തുടക്കം തൊട്ട് സംഭവ സ്ഥലത്ത് ലോറി ഉടമയായ മനാഫ് ഉണ്ടായിരുന്നു. മനാഫ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തുടക്കത്തിൽ സംഭവത്തെ പറ്റി പുറം ലോകം അറിഞ്ഞത്. തിരച്ചലിന്റെ ആദ്യ ഘട്ടത്തിൽ വലിയ വിമർശനങ്ങളും മനാഫ് ഏറ്റുവാങ്ങിയിരുന്നു. എന്നാലിന്ന് അർജുന്റെ ലോറിയും മൃതദേഹവും കണ്ടെത്തിയതിന് പിന്നാലെ സമൂഹ്യ മാധ്യമങ്ങളിൽ പ്രശംസിക്കപ്പെടുകയാണ് മനാഫ്. 

Also Read: ലോറി കണ്ടെത്തി; ജീവനറ്റ് അര്‍ജുനും; മൃതദേഹം പുറത്തെടുത്തു

ട്രക്ക് പുഴയിലാണെന്ന വാർത്തയ്ക്ക് പിന്നാലെ റോഡിലെ മൺകൂന തിരയാൻ പറഞ്ഞതിന് വാഹന ഉടമ മനാഫിനും രഞ്ജിത്ത് ഇസ്രയേലിക്കും വ്യാപക വിമർശനം നേരിട്ടിരുന്നു. കർണാടക സർക്കാർ പുഴയിൽ അർജുനെ തപ്പാം എന്ന് പറഞ്ഞപ്പോൾ ഇവരുടെ വാക്ക് കേട്ട് മാധ്യമങ്ങളും കേരള സർക്കാരും റോഡിലെ മണ്ണിന് പിന്നാലെ പോയെന്നായിരുന്നു വിമർശനം. എന്നാൽ കൂടെ നിന്ന് മനാഫിനെ നന്മ നെഞ്ചിലേറ്റിയ മനുഷ്യസ്നേഹി എന്നാണ് സോഷ്യൽ മീഡിയ വിളിക്കുന്നത്. 

Also Read: എനിക്ക് വണ്ടി വേണ്ട, അര്‍ജുന്റെ മൃതദേഹം എടുത്താല്‍ മതി; കണ്ണീരോടെ മനാഫ്

'എത്ര എത്ര ഇല്ലാ ആരോപണങ്ങളാണ് മനാഫ് ഏറ്റുവാങ്ങേണ്ടി വന്നത്. ലോറിയോ പോയി. തിരിച്ച് വീട്ടിൽ പോരാമായിരുന്നു. മനുഷ്യത്വവും. ഉത്തരവാദിത്വവും ആണ് മനാഫിൽ നമ്മൾ കാണുന്നത്. നന്മ നെഞ്ചിലേറ്റിയ മനുഷ്യസ്നേഹി...' എന്നാണ് ബാവ ​ഹമീദ് എന്നയാൾ കുറിച്ചത്. 

 

'ലോറിയുടമയായ മനാഫ് എന്ന ഈ മനുഷ്യനെ എത്രയധികം പേരാണ് വെറുതെ എന്തൊക്കെയോ പറഞ്ഞ് ചീത്ത വിളിച്ചത് .... സഹജീവി സ്നേഹത്തിന്റെയും ..സഹോദര സുഹൃത് ബന്ധത്തിന്റെയും ഉത്തമ മാതൃക മനാഫ്. പ്രിയപ്പെട്ട മനാഫ് താങ്കൾ ആ അമ്മക്ക് കൊടുത്ത വാക്ക് പാലിച്ചിരിക്കുന്നു. പ്രിയ സഹോദരൻ അർജുന് ആദരാഞ്ജലികൾ' എന്നാണ് ഫഹദ് ഹുസൈൻ തോട്ടത്തിൽ കുറിച്ചത്. 

'അർജുൻ പെട്ടെന്നൊന്നും മലയാളികളുടെ മനസ്സിൽ നിന്നും പോകുകയില്ല ഒപ്പം മനാഫും' എന്ന് പദ്മകുമാർ അനി എഴുതി. 'തീർച്ചയായും. ഈ ദുരന്ത സ്മൃതികളിലും വിസ്മയമായി തീരുന്നത് മനാഫിൻറെ നിലപാടും വാക്കുകളും. നിങ്ങളുടെ ഹൃദയം വിശാലമാണ് ബ്രോ' എന്നാണ് സുനിൽ കുന്നോത്ത് കോഴിക്കോട് എന്ന അക്കൗണ്ടിലെ കമന്റ്. 

'മനുഷ്യരിൽ മതം തിരയുന്നവരോടാണ്, അർജുന് വേണ്ടി വിങ്ങിപ്പൊട്ടുന്നവൻറെ പേര് മനാഫ്' എന്നാണെന്ന് ബിനീഷ് കോടിയേരി എഴുതുന്നു. മനാഫിനെ തിരിച്ചു കിട്ടിയതിന് പിന്നിൽ ഗംഗാവലി പുഴയുടെ കരയിൽ നിലയുറപ്പിച്ച മനാഫ് എന്ന് പേരുള്ള മനുഷ്യ സ്നേഹിയുടെ സമാനതകളില്ലാത്ത വേദനയും പോരാട്ടവും ഉണ്ടെന്നാണ് ബിജു നിള്ളങ്ങൽ എഴുതുന്നത്. 

പ്രതിസന്ധിയെ നേരിടാൻ കഴിവുള്ളയാളാണെന്നും സാഹചര്യം അനുകൂലമാണെങ്കിൽ അവൻ തിരിച്ചുവരുമെന്നുമായിരുന്നു മനാഫ് തുടക്കത്തിൽ പ്രത്യാശ പ്രകടിപ്പിച്ചിരുന്നത്. വണ്ടി എനിക്ക് വേണ്ട, അർജുന്റെ മൃതദേഹം എടുത്താൽ മതിയെന്നാണ് മനാഫ് ഇന്ന് മനോരമ ന്യൂസിനോട് പറഞ്ഞത്. 

 

'അർജുന് എൻറെമേൽ ഒരു വിശ്വാസമുണ്ട് എന്ത് പറ്റിയാലും അവനെ ഞാൻ അവൻറെ വീട്ടിൽ എത്തിക്കുമെന്ന്. ആ വാക്ക് ഞാൻ പാലിച്ചു. അവനെ ഞാൻ അവൻറെ വീട്ടിൽ എത്തിക്കും. ഇതിൻറെ പിന്നിൽ ഞാൻ ഒരുപാട് പ്രയാസപ്പെട്ടിട്ടുണ്ട്. പലരും പലതും പറഞ്ഞു. വണ്ടി കിട്ടാനാണ്, അർജുനെ കിട്ടാനല്ല എന്നൊക്കെ. ഇപ്പോ ഞാൻ പറയാ ആ വണ്ടി പൊന്തിച്ച് അവനെ അവിടെ നിന്ന് എടുത്തിട്ട് ആ വണ്ടി അവിടെ തന്നെ ഇട്ടേക്ക്. എനിക്ക് ആ മരവും വണ്ടിയും ഒന്നും വേണ്ട. അവനെ ആ വണ്ടിയിൽ നിന്ന് എങ്ങനെ ഇറക്കണമെന്നാണ് ആലോചിക്കുന്നത.് ആ വണ്ടി ഇനി വേണ്ട അവനെ മാത്രം മതി. ബാക്കിയെല്ലാം പിന്നെ നോക്കാം', എന്നായിരുന്നു മനാഫിന്റെ വാക്കുകൾ.