ഇടുക്കി മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്. കല്ലാർ മാലിന്യ പ്ലാന്റിലെ ജീവനക്കാരെയാണ് കാട്ടാന ഒറ്റക്കൊമ്പൻ ആക്രമിച്ചത്. മറയൂർ കാന്തല്ലൂരിൽ കാട്ടാന ആക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ ഉപരോധ സമരം തുടരുന്നു.
കല്ലാർ മാലിന്യ പ്ലാന്റിലെ ശുചീകരണ തൊഴിലാളികളെ ഇന്ന് രാവിലെയാണ് കാട്ടാന ഒറ്റക്കൊമ്പൻ ആക്രമിച്ചത്. എംജി കോളനി സ്വദേശി അഴകമ്മ നെറ്റികുടി സ്വദേശി ശേഖർ എന്നിവർക്കാണ് പരുക്കേറ്റത്. കാലിന് ഗുരുതര പരുക്കേറ്റ അഴകമ്മയെ വിദഗ്ധ ചികിത്സയ്ക്കായി രാജഗിരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
കാന്തല്ലൂരിൽ കർഷകനെ കാട്ടാന ആക്രമിച്ചതിൽ ജനകീയ സമിതിയുടെ പ്രതിഷേധം 50 മണിക്കൂർ പിന്നിട്ടു. കാട്ടാന ശല്യത്തിന് പ്രശ്നത്തിന് പരിഹാരം കാണാതെ പിന്നോട്ടില്ലെന്നാണ് സമരക്കാരുടെ നിലപാട്. മറയൂർ പഞ്ചായത്തിലെ ജനവാസ മേഖലകളിലിറങ്ങിയ കാട്ടാനകളെ തുരത്താൻ പ്രത്യേക ദൗത്യം നാളെ തുടങ്ങാനാണ് വനംവകുപ്പിന്‍റെ തീരുമാനം.