തീരദേശ പരിപാലന ചട്ട നിയന്ത്രണങ്ങളില്‍ ഇളവുവരുന്നതോടെ സംസ്ഥാനത്തെ കടല്‍, പുഴ, ജലാശയങ്ങള്‍ എന്നിവയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാകും. തീരദേശ ഗ്രാമങ്ങളിലെ നിര്‍മാണവിലക്ക് 50 മീറ്ററായി ചുരുങ്ങിയത് വീട് നിര്‍മ്മിക്കുന്നവര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കുമാണ് ഏറ്റവും ഗുണം ചെയ്യുക. സ്വകാര്യ ഭൂമിയിലെ കണ്ടല്‍ക്കാടുകളെ ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കിയത് ടൂറിസം മേഖലയുടെ ഏറെക്കാലമായുള്ള ആവശ്യത്തെ തുടര്‍ന്നാണ്.
CRZ നിയന്ത്രണങ്ങളിലെ ഇളവുകൾ ഏറ്റവും കൂടുതൽ എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്. സോണ്‍മാറ്റവും ഇളവുകളും ലഭിച്ച 66 പഞ്ചായത്തുകളിൽ അധികവും ഈ ജില്ലകളിലാണ്. മലപ്പുറം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലെ ഏതാനും പഞ്ചായത്തുകളും ഇളവിന് അര്‍ഹത നേടിയിട്ടുണ്ട്. അടുത്ത ആഴ്ച പുതിയ കേന്ദ്ര വിജ്ഞാപനം വരുന്നതോടെ നിര്‍മാണ നിയന്ത്രണം പുഴയുടെയും കായലിന്‍റെയും കടലിന്‍റെയും ഏറ്റവും അടുത്തുള്ള 50 മീറ്ററിലേക്ക് ചുരുങ്ങും.
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ ജലാശയങ്ങളില്‍ നിന്ന് 500 മീറ്റര്‍ അകലെ മാത്രമെ നിര്‍മ്മിക്കാവൂ എന്ന നിയന്ത്രണം തുടരും. തീരദേശ പരിപാലന നിയമത്തിന് കീഴിലെ വിവിധ സോണുകളില്‍ ബഫര്‍സോണിന്‍റെ പരിധി വ്യത്യസ്തമാകും.നഗരസഭകളില്‍ 1991 ന് മുന്‍പുള്ള കെട്ടിടങ്ങളില്‍ കരഭാഗത്ത് പുതിയ നിര്‍മാണത്തിന് ഇനി തടസമില്ല. ബഫര്‍സോണുകളുടെ വിസ്തൃതിയിലും മാറ്റമുണ്ട്. വേലിയേറ്റ രേഖയില്‍ നിന്ന് 200 മീറ്ററായിരുന്ന ബഫര്‍ സോണ്‍ 50 മീറ്ററാകും. 10 ഹെക്ടറില്‍ കൂടുതല്‍ വലിപ്പമുള്ള കായല്‍ദ്വീപുകളില്‍ ബഫര്‍സോണ്‍ 20 മീറ്റിലേക്ക് ചുരുക്കി.
അഞ്ചര വര്‍ഷം വൈകിയാണ് സംസ്ഥാന തീരദേശ പരിപാലന അതോറിറ്റി കേന്ദ്രത്തിന് നല്‍കാനുള്ള പ്ലാന്‍ തയ്യാറാക്കിയത്. എങ്കിലും 66 പഞ്ചായത്തുകള്‍ക്കെങ്കിലും നിയന്ത്രണങ്ങളില്‍ ഇളവു ലഭിച്ചല്ലോ എന്ന ആശ്വാസമാണ് ഇപ്പോള്‍. കേന്ദ്ര വിജ്ഞാപനം വന്നശേഷമാകും സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും വിശദമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുക.