തലമുറകള്‍ കയറിയിറങ്ങിയ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന സബ് രജിസ്ട്രാര്‍ ഓഫീസ് സംരക്ഷിക്കണമെന്ന ആവശ്യം ശക്തം. പൈതൃകം വിളിച്ചോതുന്ന കണ്ണൂര്‍ അഞ്ചരക്കണ്ടി സബ് രജിസ്ട്രാര്‍ ഓഫീസാണ് അധികൃതരുടെ ഇടപെടലിനായി കാത്തിരിക്കുന്നത്. 159 വര്‍ഷം പഴക്കമുള്ള കെട്ടിടം 1865 ല്‍ നിര്‍മിച്ചതാണ്
തലയെടുപ്പോടെ അന്നും ഇന്നും നിലകൊള്ളുകയാണ് അഞ്ചരക്കണ്ടിയുടെ ഹൃദയഭാഗത്ത് ഈ സബ് രജിസ്ട്രാര്‍ ഓഫീസ്.. 159 വര്‍ഷമായിട്ടും ഒരു പ്രകൃതിക്ഷോഭത്തിന് മുന്നിലും അടിയറവ് പറഞ്ഞിട്ടില്ല ഈ കെട്ടിടം. െചറിയ അറ്റകുറ്റപ്പണികള്‍ നടത്തി സംരക്ഷിച്ചുപോരുന്ന പൈതൃക കെട്ടിടം നാടിനാകെ അഭിമാനമാണ്. രാജ്യത്തെ ആദ്യ സബ് രജിസ്ട്രാര്‍ ഓഫീസെന്ന ഖ്യാദിയും ഈ കെട്ടിടത്തിനുണ്ട്. ഫ്രാന്‍സില്‍ നിന്നുള്ള പ്രത്യേക തരം ഓടുകള്‍ മേഞ്ഞ ഓഫീസ് വാസ്തുവിദ്യയില്‍ നിര്‍മിച്ചതിന് പിന്നില്‍ ബ്രിട്ടീഷുകാരനായ മാര്‍ഡോക് ബ്രൗണായിരുന്നു
മൂന്നുലക്ഷത്തിലധികം ഭൂരേഖകള്‍ ഇപ്പോഴും ഓഫീസിനകത്ത് ഉറങ്ങുന്നു. അതില്‍ മിക്കതും ഏറെ പഴക്കം ചെന്നവ. അഭിമാനമൊക്കെയെങ്കിലും ഓഫീസില്‍ നിന്നുതിരിയാന്‍ സ്ഥലമില്ല. രേഖകള്‍ സൂക്ഷിക്കാനുള്ള സൗകര്യങ്ങളും ചുരുക്കം. മഴയത്ത് ചോര്‍ന്നൊലിക്കുന്നതും പ്രതിസന്ധി. പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ കെട്ടിടം എത്രയും വേഗം നവീകരിക്കണമെന്നാണ് ആവശ്യം. സമീപത്തെ വന്‍ മരങ്ങളും കെട്ടിടത്തിന് ഭീഷണിയാണ്. നേരത്തെ തേക്ക് മരം വീണ് മതില്‍ തകര്‍ന്നിരുന്നു