പി.ശശിക്കെതിരായ പരാതി പറ‍ഞ്ഞപ്പോള്‍ മുഖ്യമന്ത്രിക്ക് നിസ്സഹായാവസ്ഥയെന്ന് പി.വി.അന്‍വര്‍ എം.എല്‍.എ. ഇങ്ങനെയൊക്കെ ആയാല്‍ ഇപ്പൊ എന്താ ചെയ്യുക എന്നദ്ദേഹം പറഞ്ഞു. സി.എമ്മേ നിങ്ങളോട് ജനങ്ങള്‍ക്ക് ഇപ്പോള്‍ വെറുപ്പന്ന് മുഖ്യമന്ത്രിയോട് പറഞ്ഞു. ഭരണം വീണ്ടും കിട്ടിയത് അങ്ങയുടെ മിടുക്കിലാണ്, പക്ഷേ ഇപ്പോള്‍ അതുമാറി. തുടര്‍ഭരണം കൊണ്ടുവന്ന സൂര്യന്‍ കെട്ടുപോയി. സി.എമ്മേ, നിങ്ങളുടെ ഗ്രാഫ് നൂറില്‍നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നു. കൂടുതല്‍ മുഖ്യമന്ത്രിയോട് പറഞ്ഞപ്പോള്‍‌ തനിക്ക് വാക്കുകള്‍ മുറിഞ്ഞെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഈ സര്‍ക്കാര്‍ രക്ഷപ്പെടാന്‍ ആ കള്ളന്‍ പുറത്തുചാടണം. പാര്‍ട്ടിയില്‍ സെക്രട്ടറിക്ക് പോലും അഭിപ്രായസ്വാതന്ത്ര്യമില്ല. ഇതോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലൈനെന്നും അന്‍വര്‍ ചോദിച്ചു. ഇങ്ങനെ പോയാല്‍ പിണറായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാന മുഖ്യമന്ത്രിയാകും. കേരളത്തില്‍ ഒരു റിയാസിനെ മാത്രം നിലനിര്‍ത്താനാണോ പാര്‍ട്ടി..? റിയാസിന് വേണ്ടി അന്‍വറിന്റെ നെഞ്ചത്തോട്ട് വന്നാല്‍ നടക്കില്ല. ഇനിയും ഇവര്‍ക്കൊക്കെ വിധേയപ്പെട്ട് നില്‍ക്കാന്‍ തല്‍ക്കാലം തനിക്ക് സൗകര്യമില്ലെന്നും അന്‍വര്‍ പറഞ്ഞു.

‘റിയാസിന് വേണ്ടി അന്‍വറിന്റെ നെഞ്ചത്തോട്ട് വന്നാല്‍ നടക്കില്ല’

മുഖ്യമന്ത്രി എങ്ങനെയൊക്കെ എന്നെ ചതിച്ചെന്ന് നിങ്ങളറിയണം. പലഘട്ടത്തില്‍ പല പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചു. പാര്‍ട്ടി സഖാക്കളെ അടിച്ചമര്‍ത്തുന്നതില്‍ തനിക്ക് അമര്‍ഷമുണ്ടെന്നും അന്‍വര്‍ പറഞ്ഞു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഡിയോ അന്‍വര്‍ പ്രദര്‍ശിപ്പിച്ചു. പൊലീസ് സ്വര്‍ണം മുക്കിയത് കുടുംബം വിഡിയോയില്‍ പറയുന്നു. ഇക്കാര്യം അന്വേഷിക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് അന്‍വര്‍ ചോദിച്ചു.

ഉന്നയിച്ച വിഷയങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ എന്നെ കുറ്റവാളിയാക്കി. ഞാ‍ന്‍ കള്ളക്കടത്തുകാരനെന്ന് ധ്വനിപ്പിച്ച് വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചു. പി.ശശിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കില്‍ പരാതി ഇടേണ്ടത് ചവറ്റുകുട്ടയിലല്ലേ. പാര്‍ട്ടി എനിക്ക് നല്‍കിയ ഉറപ്പുകള്‍ ലംഘിക്കപ്പെട്ടു. പരാതിപ്പെട്ട കേസുകളില്‍ അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

PV Anwar MLA said that the Chief Minister felt helpless when he complained against P. Sasi.