പിണറായി വിജയന്‍ എന്ന സൂര്യൻ കെട്ടുപോയെന്ന നിലമ്പൂർ എംഎൽഎ പി വി അൻവറിന്‍റെ പരാമര്‍ശത്തിന് പിന്നാലെ മുഖ്യമന്ത്രിയെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. സൂര്യനും ചന്ദ്രനും ഒന്നുമല്ല ഫ്യൂസ് പോയ ഏതോ സ്ട്രീറ്റ് ലൈറ്റ് ആരുന്നത്രേ എന്നാണ് രാഹുല്‍ തന്‍റെ ഫെയ്സ് ബുക്കില്‍ കുറിച്ചത്. ഫ്യൂസ് പോയ സ്ട്രീറ്റ് ലൈറ്റിന്‍റെ ചിത്രം ഉള്‍പ്പടെ പങ്കുവെച്ചാണ് രാഹുലിന്‍റെ പോസ്റ്റ്. 

വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ ഭാഷയിൽ അന്‍വര്‍ വിമർശനങ്ങൾ ഉന്നയിച്ചത്. തന്‍റെ മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറിൽ നിന്ന് പൂജ്യമായെന്നും അൻവർ പറഞ്ഞു. അഴിമതിക്കാരനായ എഡിജിപി എം ആർ അജിത്കുമാറിനെ മുഖ്യമന്ത്രി താലത്തിൽ കൊണ്ട് നടക്കുകയാണെന്നും പി വി അൻവർ കുറ്റപ്പെടുത്തി. അതേ സമയം സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി പരസ്യയുദ്ധപ്രഖ്യാപനം നടത്തി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. പോലീസ് സ്വര്‍ണം പിടിച്ച കേസുകളില്‍ സിറ്റിങ് ജഡ്ജിയെ നിയോഗിച്ച് പുനഃരന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ അന്‍വര്‍ വെല്ലുവിളിച്ചത്.

ഭരണം വീണ്ടും കിട്ടിയത് അങ്ങയുടെ മിടുക്കിലാണ്, പക്ഷേ ഇപ്പോള്‍ അതുമാറി, തുടര്‍ഭരണം കൊണ്ടുവന്ന സൂര്യന്‍ കെട്ടുപോയെന്ന് ഞാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. കൂടുതല്‍ പറഞ്ഞപ്പോള്‍‌ തനിക്ക് വാക്കുകള്‍ മുറിഞ്ഞെന്നും അന്‍വര്‍. പോലീസില്‍ നടക്കുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ശശി അറിയിക്കുന്നില്ല. ശശിയും എഡിജിപിയും എഴുതിക്കൊടുക്കുന്നത് വായിക്കുകയെന്ന ചുമതലമാത്രമാണ് ഇപ്പോള്‍ മുഖ്യമന്ത്രി ചെയ്യുന്നതെന്നും അന്‍വര്‍ ആരോപിച്ചു.

ENGLISH SUMMARY:

Rahul Mamkootathil mocking Pinarayi Vijayan