ക്ഷേത്രങ്ങളിൽ ഉടുപ്പ് ധരിച്ച് കയറുന്നത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ നിലപാടിൽ രൂക്ഷ വിമർശനവുമായി എൻ.എസ്.എസ്. ഹിന്ദുക്കൾക്ക് മാത്രമെ ഇത്തരം വ്യാഖ്യാനങ്ങൾ ഉള്ളോയെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ചോദിച്ചു. ഉടുപ്പ് ധരിക്കാതെയേ ക്ഷേത്രങ്ങളിൽ കയറാവൂ എന്ന നിർബന്ധബുദ്ധി തിരുത്തണമെന്ന ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദന്റെ പ്രസ്താവനയെ പിന്തുണച്ച മുഖ്യമന്ത്രിയുടെ പ്രതികരണമാണ് എൻഎസ്എസിനെ ചൊടിപ്പിച്ചത്.
കാലാകാലങ്ങളായി നിലനിന്ന് പോകുന്ന ആചാരങ്ങൾ മാറ്റിമറിക്കാൻ എന്തിനാണ് പറയുന്നതെന്ന് മന്നം ജയന്തി പൊതുസമ്മേളന വേദിയിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ചോദിച്ചു. ഓരോ ക്ഷേത്രങ്ങളുടെയും ആചാരാനുഷ്ഠാനങ്ങൾ പാലിച്ച് മുന്നോട്ടുപോകാൻ ഹൈന്ദവ സമൂഹത്തിന് അവകാശമുണ്ട്. ക്രൈസ്തവരുടെയും മുസ്‌ലിംങ്ങളുടെയും ആചാരങ്ങളിൽ ആരും ഇടപെടുന്നില്ല. ഈ ആചാരങ്ങളെ വിമർശിക്കാൻ ശിവഗിരിക്കോ മുഖ്യമന്ത്രിക്കോ ധൈര്യമുണ്ടോയെന്നും സുകുമാരൻ നായർ. മന്ത്രി കെ.ബി ഗണേഷ് കുമാറിനെ വേദിയിൽ ഇരുത്തിയായിരുന്നു സുകുമാരൻ നായരുടെ രൂക്ഷ വിമർശനം.
പിന്നാലെ ഉദ്ഘാടന പ്രസംഗം നടത്തിയ രമേശ് ചെന്നിത്തല മതനിരപേക്ഷതയുടെ ബ്രാൻഡാണ് എൻഎസ്എസ് എന്ന് പറഞ്ഞു സുകുമാരൻ നായരുടെ പ്രസ്താവന ഒന്നുകൂടി ഉറപ്പിച്ചു. വർഗീയതക്കെതിരെ തിരിയായി നിലകൊള്ളുന്നതാണ് എൻ.എസ്.എസ് എന്ന് പറഞ്ഞ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച ശേഷമാണ് ചെന്നിത്തല വേദി വിട്ടത്.