ബലാത്സംഗക്കേസിൽ പ്രതിയായ നടന്‍ സിദ്ദിഖിനായി മാധ്യമങ്ങളില്‍ ലുക്കൗട്ട് നോട്ടിസ് ഇറക്കി പൊലീസ്. സിദ്ദിഖ് ഒളിവില്‍. കണ്ടെത്തുന്നവര്‍ പൊലീസിനെ അറിയിക്കണമെന്നും നോട്ടിസ്. യുവനടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ സിദ്ദിഖ് മൂന്നുദിവസമായി ഒളിവിലാണ്. ഒരു മലയാള പത്രത്തിലും ഒരു ഇംഗ്ലിഷ് പത്രത്തിലുമാണ് ലുക്കൗട്ട് നോട്ടിസ് പ്രസിദ്ധീകരിച്ചത്. സിദ്ദിഖ് ഒളിവിലാണെന്നും കണ്ടെത്തുന്നവർ പൊലീസിനെ അറിയിക്കണമെന്നും നോട്ടിസിൽ പറയുന്നു. Also Read: കേസിനു പിന്നില്‍ ‘അമ്മ’– ഡബ്ല്യുസിസി പോര്; പ്രതിയാക്കിയത് ശരിയായ അന്വേഷണമില്ലാതെ: സിദ്ദിഖ്
മുന്‍കൂര്‍ ജാമ്യത്തിനായി നടൻ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്‌ഗി സിദ്ദിഖിനായി ഹാജരാകുമെന്നാണ് വിവരം. അതിജീവിത പരാതി നൽകാനുണ്ടായ കാലതാമസം, ക്രിമിനൽ പശ്ചാത്തലമില്ല എന്നീ വാദങ്ങൾ മുന്നോട്ടുവയ്ക്കുമെന്നാണ് സൂചന. തടസ്സഹർജിയുമായി സർക്കാരും സുപ്രീംകോടതിയെ സമീപിക്കും.
സിദ്ദിഖിനായി പൊലീസ് അന്വേഷണം തുടരുകയാണ്. മൂന്നാഴ്ച മുൻപ് എല്ലാ വിമാനത്താവളങ്ങളിലേക്കും തിരച്ചിൽ നോട്ടിസ് നൽകിയിരുന്നു. യുവനടിയുടെ പരാതിയിൽ ബലാത്സംഗം (ഐപിസി 376), ഭീഷണിപ്പെടുത്തൽ (506) എന്നീ വകുപ്പുകൾ പ്രകാരമാണു മ്യൂസിയം പൊലീസ് കേസെടുത്തത്. 2016 ജനുവരിയിലാണ് തിരുവനന്തപുരത്തെ ഹോട്ടലിൽ പീഡനത്തിനിരയായതെന്നാണു നടി പൊലീസിനോടു വെളിപ്പെടുത്തിയത്. സിദ്ദിഖ് അഭിനയിച്ച ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യു തിരുവനന്തപുരത്തെ തിയറ്ററിൽ പ്രദർശിപ്പിച്ചപ്പോഴാണ് അദ്ദേഹത്തെ കണ്ടതെന്നായിരുന്നു നടിയുടെ മൊഴി.