എഡിജിപി: അജിത്കുമാറിനെതിരെ തുടര്‍ച്ചയായി മൂന്നാംദിവസവും സിപിഐ മുഖപത്രമായ ജനയുഗം. റവന്യുമന്ത്രിക്ക് സ്ഥലത്തെത്താന്‍ കഴിയാത്ത വിധം വഴിമുടക്കിയെന്ന് കുറ്റപ്പെടുത്തല്‍. സുരേഷ് ഗോപിക്ക് ആംബുലന്‍സില്‍ പൂരപ്പറമ്പിലെത്താന്‍ അവസരമുണ്ടാക്കി. ഗൂഢാലോചനയുടെ തിരശീല നീക്കുന്ന അന്വേഷണം അനിവാര്യമെന്നും മുഖപത്രം. സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി പി ഉണ്ണികൃഷ്ണനാണ് ലേഖനം എഴുതിരിക്കുന്നത്. Also Read: പൂരം കലക്കല്‍ റിപ്പോര്‍ട്ട് വൈകുന്നത് ആസൂത്രിതം, അസ്വാഭാവികം; അജിത്കുമാറിനെതിരെ വീണ്ടും സിപിഐ
മുന്‍പ് പൂരം അന്വേഷണ റിപ്പോര്‍ട്ട് വൈകിയത് ആസൂത്രിതമാണെന്നും സംശയം സ്വാഭാവികമാണെന്നും ജനയുഗത്തിലെ എഡിറ്റോറിയലിലൂടെ സിപിഐ വിമര്‍ശിച്ചിരുന്നു. എആര്‍ അജിത്കുമാറിന്‍റെ റിപ്പോര്‍ട്ടിനപ്പുറം തുടരന്വേഷണം വേണം എന്നതാണ് സിപിഐ നിലപാട്. ഇതിനായി റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം പുറത്തുവരാന്‍ കാക്കുകയാണ് സിപിഐ. ഉള്ളടക്കം എന്തായാലും അന്വേഷണ റിപ്പോര്‍ട്ട് വൈകിയത് ആസൂത്രിതമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സിപിഐ. റിപ്പോര്‍ട്ടിന്‍റെ വൈകിയതിന്‍റെ കാലതാമസത്തിന്‍റെ കാരണങ്ങള്‍ റിപ്പോര്‍ട്ടിന്‍റെ ആമുഖത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജനയുഗം മുഖപ്രസംഗത്തില്‍ പറഞ്ഞിരുന്നു. തൃശൂരില്‍ ഉണ്ടായിട്ടും പൂരം അലങ്കോലമായതപ്പോള്‍ എഡിജിപി ഇടപെടാത്തത് ദുരൂഹമാണെന്നും സിപിഐ തുറന്നടിച്ചിരുന്നു.
തൃശൂര്‍ പൂരം വിവാദത്തെ കൂടാതെ ഇന്നലെ സിദ്ദിഖിന്‍റെ അറസ്റ്റ് വൈകുന്നതില്‍ പൊലീസിനെ കടന്നാക്രമിച്ചും സിപിഐ രംഗത്തെത്തിയിരുന്നു. സിദ്ദിഖിനെ പിടികൂടുന്നതില്‍ പൊലീസിന് അമാന്തമുണ്ടോ എന്ന് സംശയമുണ്ടെന്നായിരുന്നു വിമര്‍ശനം. സിദ്ദിഖിനെ നിരീക്ഷിക്കുന്നതില്‍ വീഴ്ചവന്നതായി സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ലെന്നും ജനയുഗത്തിന്‍റെ മുഖപ്രസംഗത്തില്‍ വിമര്‍ശിച്ചു. നടിയെ ആക്രമിച്ച സമയത്ത് നടന്‍ ദിലീപ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചപ്പോള്‍, ദിലീപിന്‍റെ ആലുവയിലെ വീടിന്‍റെ മുന്‍പില്‍ പൊലീസ് ഉണ്ടായിരുന്നു. ജാമ്യാപേക്ഷ തള്ളിയാല്‍ അറസ്റ്റ് ചെയ്യുന്നതിനായിരുന്നു അന്ന് ദിലീപിന്‍റെ വീടിന്റെ മുന്‍പില്‍ പൊലീസ് നിന്നത്. എന്നാല്‍ സിദ്ദിഖിന്‍റെ കാര്യത്തില്‍ ജാഗ്രതകുറവുണ്ടായി എന്നാണ് സിപിഐ നിലപാട്. പീഡകസ്ഥാനത്ത് പ്രമുഖരാണെന്നും അതിജീവിതകള്‍ക്ക് നീതി ലഭിക്കാന്‍ പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ജനയുഗം ആവശ്യപ്പെടുന്നു.