വയനാട് പുനരധിവാസത്തിന്‍റെ കരട് പദ്ധതി രേഖ മന്ത്രിസഭായോഗത്തില്‍ അവതരിപ്പിച്ച് ചീഫ് സെക്രട്ടറി. രണ്ടു ടൗണ്‍ഷിപ്പ് ഒറ്റഘട്ടമായി നിര്‍മിക്കുമെന്ന് പദ്ധതിരേഖയില്‍ വിശദമാക്കുന്നു. 750 കോടി രൂപയുടെ ടൗണ്‍ഷിപ്പ് പദ്ധതിക്ക് സഹായിക്കാമെന്നേറ്റ സ്പോണ്‍സര്‍മാരുടെ പേരുവിവരങ്ങള്‍ സഹിതമാണ് രേഖ അവതരിപ്പിച്ചത്. അടുത്ത മന്ത്രിസഭയോഗം പുനരധിവാസ പദ്ധതി അംഗീകരിക്കും. പ്രത്യേക മന്ത്രിസഭ യോഗം ചര്‍ച്ചചെയ്ത പുനരധിവാസ പദ്ധതിയുടെ വിശദാംശങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു
മുണ്ടകൈയിലും ചൂരല്‍മലയിലും വീടുകള്‍ നഷ്ടമായവര്‍ക്ക് കിടപ്പാടം ഒരുക്കാനുള്ള വിശദമായ പദ്ധതി രേഖ ഒന്നര മണിക്കൂര്‍ എടുത്താണ് ചീഫ് സെക്രട്ടറി മന്ത്രിസഭായോഗത്തില്‍ അവതരിപ്പിച്ചത്. രണ്ടു വ്യത്യസ്ത ഭൂപ്രദേശങ്ങളിലായി ഒറ്റഘട്ടമായി രണ്ടു ടൗണ്‍ഷിപ്പുകളാണ് വരുന്നത്. കിഫ്ബി തയാറാക്കിയ ആയിരം സക്വയര്‍ ഫീറ്റ് വീടുകളുടെ ഡിസൈനാണ് പുനരധിവാസ പദ്ധതിയില്‍ വരിക. രണ്ടാം നില പണിയാന്‍ സാധ്യമാകുന്ന തരത്തിലുള്ള ഒറ്റനില വീടുകളാണ് നിര്‍മിക്കുക. എന്നാല്‍ ചില ചരിഞ്ഞ ഭൂപ്രകൃതിയുള്ളിടത്ത് രണ്ടു നിലവീടുകള്‍ നിര്‍മിക്കും. പക്ഷെ ഇതും ആയിരം സ്ക്വയര്‍ഫീറ്റ് മാത്രമാകും. കേന്ദ്രസര്‍ക്കാര്‍ പണം നല്‍കിയില്ലെങ്കില്‍ പുനരധിവാസം യഥാര്‍ഥ്യമാക്കാന്‍ സ്പോണ്‍സര്‍മാരുടെ സഹായത്തോടെയാണ് പദ്ധതി രേഖ തയാറാക്കുന്നത്.
50 വീടുകളില്‍ കൂടുതല്‍ വാഗ്ദാനം ചെയ്തവരെ പ്രധാന സ്പോണ്‍സര്‍മാരായി പദ്ധതി രേഖയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതില്‍ മുസ്ലീം ലീഗ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും നിരവധി വ്യവസായികളുമുണ്ട്. കോടതിയിലുളള വ്യവഹാരം തീരുന്നതിന് അനുസരിച്ച ടൗണ്‍ ഷിപ്പിനുള്ള ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുത്തു. പുനരധിവാസത്തിന് പങ്കാളികളാകാന്‍ താല്പര്യം കാണിച്ച വ്യക്തികളുമായും സംഘടകനകളുമായും നേരിട്ട് മുഖ്യമന്ത്രി ആശയവിനിമയം നടത്തും. 26ന് നടക്കുന്ന അടുത്ത മന്ത്രിസഭായോഗം പുനരധിവാസ പദ്ധതി അംഗീകരിച്ച് പ്രഖ്യാപിക്കും
ഇതിനിടെ വയനാട് പുനരധിവാസ കരട് പട്ടികയ്ക്കെതിരെ സിപിഐ രംഗത്തെത്തി. പട്ടികയില്‍ വ്യാപക അപാകതയെന്ന് വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു. 388 പേരുടെ പട്ടികയില്‍ 70 പേരുടെ ഇരട്ടിപ്പുണ്ടായി. അര്‍ഹരായവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെന്നും ഇജെ ബാബു മനോരമ ന്യൂസിനോട് പറഞ്ഞു