വെറും ഡ്രൈവറെന്ന് പുച്ഛിച്ച ഒരു സാധാരണ മനുഷ്യന് മലയാള മണ്ണ് കൊടുക്കുന്ന ആദരം ലോകത്തിന് മുഴുവന്‍ മാതൃകയാണെന്ന് ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്‍റെ ലോറി ഉടമ മനാഫ്. വലിയ പ്രയാസങ്ങളും ബുദ്ധിമുട്ടുകളുമുണ്ടായിട്ടും പുഞ്ചിരിയോടെയാണ് നേരിട്ടതെന്നും പോരാട്ടം നടത്തിയത് അക്രമത്തിന്‍റെ പാതയിലൂടെ അല്ലെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞു. അര്‍ജുനെ ജന്‍മനാട്ടിലെത്തിക്കാന്‍ കഴിഞ്ഞതിന് പിന്നില്‍ ത്യാഗത്തിന്‍റെയും പരീക്ഷണത്തിന്‍റെയും അപമാനത്തിന്‍റെയും കാലങ്ങള്‍ താണ്ടേണ്ടി വന്നുവെന്നും മനുഷ്യന് മലയാളി കൊടുക്കുന്ന വില, ആ ഒത്തൊരുമ ലോകം കണ്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Also Read: അര്‍ജുന് വികാരനിര്‍ഭര യാത്രാമൊഴി
മനാഫിന്‍റെ വാക്കുകള്‍ ഇങ്ങനെ..'വിജയിക്കുക എന്ന മൊമന്‍റ് ഒരു സെക്കന്‍റിലേതാണ്. പക്ഷേ വിജയിക്കുന്നതിന് പിന്നില്‍ വല്യൊരു ത്യാഗത്തിന്‍റെ ടൈമുണ്ട്. പരീക്ഷണത്തിന്‍റെ ടൈമുണ്ട്. അപമാനത്തിന്‍റെ ടൈമുണ്ട്... ഇതോട് കൂടി പ്രശ്നം തീരില്ല. മലയാളി ആരാ.. ഈ ഒത്തൊരുമ എന്താ എന്നുള്ളത് ഇന്ന് ലോകം മൊത്തം കാണുന്നു. സാധാരണ ഒരു ഡ്രൈവറെന്ന് പുച്ഛിച്ച ഒരു മനുഷ്യന് ഇന്ന് കൊടുക്കുന്ന ആദരം ലോകത്തിന് മുഴുവന്‍ മാതൃകയാണ്. ഇവിടെ മനുഷ്യന് കൊടുക്കുന്ന വില എന്താണെന്ന് ലോകം മുഴുവന്‍ നോക്കിക്കൊണ്ടിരിക്കുകയാണ്.
ഒരു ഡ്രൈവറെന്ന് പറഞ്ഞ് പുച്ഛിച്ച ഒരാളെ 600 കിലോമീറ്റര്‍ ദൂരത്ത് നിന്ന് പൊലീസിന്‍റെ അകമ്പടി, എം.എല്‍.എയുടെ അകമ്പടി, മന്ത്രിമാരുടെ അകമ്പടി.. നോക്കണം ഒരു മനുഷ്യന് നമ്മള്‍ കൊടുക്കുന്ന വില.. പ്രയാസങ്ങള്‍ ഉണ്ടായി. പുഞ്ചിരിയോട് കൂടിയാണ് നമ്മളത് നേരിട്ടത്. പോരാടി, പക്ഷേ അക്രമത്തിലൂടെയല്ല. സമൂഹത്തില്‍ നല്ല ജീവികളും ക്ഷുദ്ര ജീവികളുമുണ്ട്. നല്ലജീവികളെല്ലാവരും കൂടി ക്ഷുദ്രജീവികളെ ശുദ്ധികലശം നടത്തുകയാണ് വേണ്ടതെന്നും മനാഫ് കൂട്ടിച്ചേര്‍ത്തു. മകനെ കണ്ടെത്തുമെന്ന് അര്‍ജുന്‍റെ അമ്മയ്ക്ക് നല്‍കിയ വാക്ക് പാലിച്ചുവെന്ന് ഈശ്വര്‍ മല്‍പെയും പറഞ്ഞു.
ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന് വികാര നിര്‍ഭരമായ യാത്രാമൊഴിയുമായി കണ്ണാടിക്കല്‍ ഗ്രാമവും കേരളവും. 80 ദിവസം നീണ്ട കാത്തിരിപ്പിനൊടുവില്‍ അര്‍ജുന്‍ സ്വന്തം മണ്ണിലേക്ക് മടങ്ങിയെത്തി. കണ്ണീര്‍പൂക്കളുമായി ഒരുനാട് ഒന്നടങ്കം അര്‍ജുനെ ഏറ്റുവാങ്ങാനെത്തി. അർജുന് അന്ത്യഞ്ജലി അർപ്പിക്കാൻ കണ്ണാടിക്കല്‍ ഗ്രാമത്തിലേക്ക് ഒഴുകിയെത്തിയത് നൂറു കണക്കിനാളുകൾ. ഒരു കിലോമീറ്ററോളം നീളത്തിലായിരുന്നു അന്ത്യാഞ്ജലി അർപ്പിക്കാനെത്തിവരുടെ നിര. പൊതുദര്‍ശനത്തിന് ശേഷം അര്‍ജുനെ വീട്ടുവളപ്പില്‍ സംസ്കരിക്കും. നിറമിഴികളോടെ അന്ത്യാഞ്ജലി അര്‍പ്പിച്ച് നൂറുകണക്കിന് ജനമാണ് വഴിയരികില്‍ നിരന്നത്. കര്‍വാര്‍ എംഎല്‍എ സതീഷ് സെയിലും യാത്രാമൊഴിയേകാനെത്തി. പൊതുദര്‍ശനത്തിന് ശേഷം കണ്ണാടിക്കലെ 'അമരാവതി'യില്‍ അര്‍ജുന് അന്ത്യവിശ്രമം.