ഇന്നലെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ സെബിൻഷായും ദേവനന്ദയും പഠനത്തില്‍ അതിസമര്‍ഥര്‍. അതിനാല്‍ അധ്യാപകര്‍ക്കും ഇവര്‍ പ്രിയപ്പെട്ടവര്‍. ഇരുവരുടെയും ആകസ്മിക വേര്‍പാട് സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും ഇനിയും ഉള്‍ക്കൊള്ളാനുമായിട്ടില്ല. രണ്ടുപേരും പഠിക്കുന്നത് രണ്ടു സ്കൂളുകളിലായിരുന്നെങ്കിലും പരസ്പരം അറിയുന്നവരായിരുന്നു ദേവനന്ദയും സെബിന്‍ഷായും. പത്താക്ലാസ് വരെ ഒരുമിച്ച് ഒരു സ്കൂളില്‍ പഠിച്ചവര്‍.

ഹയര്‍സെക്കന്‍ഡി രണ്ടുസ്കൂളുകളിലായിരുന്നെങ്കിലും ഇവര്‍ ഇടയ്ക്ക് കണ്ടുമുട്ടാറുമുണ്ടായിരുന്നു ‌ കഴിഞ്ഞ ദിവസം ഇരുവരെയും കാണാനില്ലെന്ന് വാര്‍ത്ത വന്നപ്പോഴും ഇവര്‍ ഇനിയങ്ങോട്ട് ഒപ്പമുണ്ടാകില്ലെന്ന് സഹപാഠികളാരും കരുതിയില്ല. ഇരുവരും തിരിച്ചെത്തണേ എന്ന പ്രാര്‍ഥനയിലായിരുന്നു ഇവരെ അറിയാവുന്നവരെല്ലാം. രക്ഷിതാക്കൾക്കും ബന്ധുക്കൾക്കും പുറമേ നാട്ടുകാരും സഹപാഠികളുമെല്ലാം ഇരുവർക്കുമായുള്ള തെരച്ചിലിലായിരുന്നു. പക്ഷേ എല്ലാ പ്രതീക്ഷകളും അസ്ഥാനത്തായി മൃതദേഹങ്ങള്‍ ശസ്താംകോട്ട തടാകത്തില്‍ പൊങ്ങി. 

സെബിൻഷായും ദേവനന്ദയും ക്ലാസ് കട്ടുചെയ്യുകയോ, അനാവശ്യമയി അവധിയെടുക്കുകയോ ചെയ്യുന്നവരായിരുന്നില്ല. വ്യാഴാഴ്ച സ്കൂളില്‍ എത്താതിരുന്നപ്പോള്‍ അസുഖമെന്തെങ്കിലുമായിരിക്കുമെന്നാണ് കൂട്ടുകാരും അധ്യാപകരും കരുതിയത്. പക്ഷെ പതിവ് സമയം കഴിഞ്ഞിട്ടും വീട്ടിൽ തിരികെയെത്താതായതോടെയാണ് മാതാപിതാക്കള്‍ ഇവരുടെ കൂട്ടുകാരെ ബന്ധപ്പെട്ടത്. അപ്പോഴാണ് ഇരുവരും സ്കൂളില്‍ വന്നിട്ടില്ലെന്ന് അറിയുന്നത്. കുട്ടികള്‍ സ്കൂളില്‍ എത്തിയില്ല എന്നത് രക്ഷിതാക്കൾക്ക് ആദ്യം വിശ്വസിക്കാനുമായില്ല. 

പിന്നീട് വീട്ടുകാര്‍ അധ്യാപകരുമായും ബന്ധപ്പെട്ടു. കുട്ടികള്‍ എത്തിയില്ലെന്ന് ഇരുസ്കൂളുകളിലെയും അധ്യാപകരും ഉറപ്പിച്ചതോടെ എല്ലാവരും ആശങ്കയിലായി, നാടാകെ തെരച്ചിലും തുടങ്ങി. ഇരുവരുടെയും ചിത്രങ്ങൾ നവമാധ്യമങ്ങളിൽ കൈമാറി നാട്ടുകാരും അന്വേഷണം ആരംഭിച്ചു. പക്ഷെ എല്ലാവരുടെയും ഹൃദയം തകർക്കുന്ന വിവരമാണ് രാവിലെ പതിനൊന്നരയോടെ വന്നത്. ഇന്നലെ രാത്രി ചെങ്കൂർ ജമാഅത്ത് പള്ളിയിൽ സെബിൻഷായുടെ കബറടക്കി. ദേവനന്ദയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

ENGLISH SUMMARY:

Devanandha and Shebinshah are academically brilliant