വീട്ടുകാരുടെയും സഹപാഠികളുടെയും പ്രതീക്ഷകളെയും പ്രാര്‍ഥനകളെയും തകര്‍ത്താണ് സെബിൻഷായുടെയും ദേവനന്ദയുടെയും മൃതദേഹങ്ങൾ ഇന്നലെ ശാസ്താംകോട്ട തടാകത്തിൽ നിന്ന് കണ്ടെടുത്തത്. സാധാരണ ഗതിയില്‍ ദേവസ്വം ബോർഡ് കോളജിന് തൊട്ട് താഴെയുള്ള കായൽക്കടവിൽ പകൽ സമയത്ത്   ആളനക്കം ഉണ്ടാകാറുള്ളതാണ്. നിര്‍ഭാഗ്യവശാല്‍ സെബിൻഷായും ദേവനന്ദയും  ഇവിടേക്ക് എത്തുന്നത് വ്യാഴാഴ്ച ആരും കണ്ടിരുന്നില്ല. ശാസ്താംകോട്ട തടാകത്തിൽ നിന്ന് കണ്ടെത്തിയ ഇരുവരുടെയും സ്കൂൾ ബാഗിൽ വീട്ടിൽ നിന്ന് കൊടുത്തുവിട്ട ഭക്ഷണം കഴിക്കാതെ അവശേഷിച്ചിരുന്നു. READ MORE; പഠിക്കാൻ മിടുക്കർ,അധ്യാപകരുടെ പൊന്നോമനകള്‍; നിറകണ്ണുകളോടെ കൂട്ടുകാരും 

കുട്ടികളെ കാണാതായെങ്കിലും ഇരുവരും ഒരുമിച്ചാണ് പോയതെന്ന് ആദ്യം ആരും കരുതിയിരുന്നില്ല. രണ്ടുപേരുടെയും ബന്ധുക്കളും അയല്‍വാസികളും വെവ്വേറെയാണ് തിരച്ചിലും നടത്തിയത്. കുട്ടികള്‍ പോകാനിടയുള്ള സ്ഥലങ്ങളിലെല്ലാം  അന്വേഷിച്ചു. പക്ഷേവിവരമൊന്നും ലഭിച്ചില്ല. കുട്ടികളെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കള്‍  പിന്നീട്  പൊലീസില്‍ പരാതികളും നല്‍കി. ദേവനന്ദയുടെ അമ്മയാണ് ആദ്യം പരാതിയുമായി പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തിയത്. തുടർന്നാണ് സെബിൻഷായെയും കാണാനില്ലെന്ന്  അറിയുന്നത്. 

വ്യാഴാഴ്ച രാവിലെ എട്ട് മണി കഴിഞ്ഞ് പൂയപ്പള്ളി ജംഗ്ഷനിലെത്തിയ ദേവനന്ദയും ഷെബിന്‍ഷായും ഒരുമിച്ച് കൊട്ടാരക്കര വഴി ശാസ്താംകോട്ടയിലേക്ക് പോയെന്ന് സിസിടിവി ക്യാമറകളിൽ നിന്ന് വ്യക്തമായിരുന്നു.  പൊലീസ് അന്വേഷണം നടക്കുന്ന ഘട്ടത്തിലാണ്  തടാകത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ വിവരം നാട്ടുകാരില്‍ ചിലര്‍ പൊലീസിനെ അറിയിച്ചത്. തടാകക്കരയില്‍ കണ്ട സ്കൂള്‍ബാഗുകളിലുണ്ടായിരുന്ന  ഐഡന്‍റിറ്റി കാര്‍ഡുകളില്‍ നിന്നാണ് ഇവര്‍ ദേവനനന്ദയും സെബിന്‍ഷായുമാണെന്ന് തിരിച്ചറിഞ്ഞത്

ഓടനാവട്ടം കെ.ആർ.ജി.പി.എം എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ദേവനന്ദ. കൊട്ടാരക്കര ബോയ്സ് എച്ച്.എസ്.എസിലാണ് സെബിന്‍ഷാ പഠിക്കുന്നത്.  ഇരുവരും പത്താം ക്ലാസില്‍ മൈലോട് എച്ച്.എസിൽ ഒരുമിച്ചാണ് പഠിച്ചത്.  മരിച്ച  വിദ്യാര്‍ഥികള്‍ പഠനത്തില്‍ സമര്‍ഥരായിരുന്നു. അതുകൊണ്ടുതന്നെ അധ്യാപകര്‍ക്ക് ഇവരോട് വല്ലാത്ത വൈകാരിക ബന്ധവുമുണ്ടായിരുന്നു.  സഹപാഠികള്‍ക്കും ടീച്ചര്‍മാര്‍ക്കും ഇവരുടെ മരണവാര്‍ത്ത  ഇതുവരെ ഉള്‍ക്കൊള്ളാനായിട്ടില്ല. രക്ഷിതാക്കൾക്കും ബന്ധുക്കൾക്കും പുറമേ നാട്ടുകാരും സഹപാഠികളുമെല്ലാം ഇരുവർക്കുമായുള്ള തെരച്ചിലിലായിരുന്നു.

സെബിൻഷായും ദേവനന്ദയും ക്ലാസ് കട്ടുചെയ്യുകയോ, അനാവശ്യമയി അവധിയെടുക്കുകയോ ചെയ്യുന്നവരായിരുന്നല്ല. വ്യാഴാഴ്ച സ്കൂളില്‍ എത്താതിരുന്നപ്പോള്‍ അസുഖമെന്തെങ്കിലുമായിരിക്കുമെന്നാണ്  കൂട്ടുകാരും അധ്യാപകരും കരുതിയത്  പക്ഷെ പതിവ് സമയം കഴിഞ്ഞിട്ടും  വീട്ടിൽ തിരികെയെത്താതായതോടെയാണ് മാതാപിതാക്കള്‍ ഇവരുടെ കൂട്ടുകാരെ ബന്ധപ്പെട്ടത്. അപ്പോഴാണ് ഇരുവരും സ്കൂളില്‍ വന്നിട്ടില്ലെന്ന് അറിയുന്നത്.   കുട്ടികള്‍ സ്കൂളില്‍ എത്തിയില്ല എന്നത് രക്ഷിതാക്കൾക്ക് ആദ്യം വിശ്വസിക്കാനുമായില്ല. പിന്നീട്  വീട്ടുകാര്‍ അധ്യാപകരുമായും ബന്ധപ്പെട്ടു. കുട്ടികള്‍ എത്തിയില്ലെന്ന് ഇരുസ്കൂളുകളിലെയും അധ്യാപകരും ഉറപ്പിച്ചതോടെ എല്ലാവരും ആശങ്കയിലായി 

നാടാകെ തെരഞ്ഞു. ഇരുവരുടെയും ചിത്രങ്ങൾ നവമാധ്യമങ്ങളിൽ  പ്രചരിപ്പിച്ചു. പക്ഷെ എല്ലാവരുടെയും ഹൃദയം തകർത്ത് ഇരുവരുടെയും മരണവാര്‍ത്തയാണ് ഒടുവില്‍ പുറത്തുവന്നത്.  ‌പൊലീസ് നടപടികള്‍ പൂര്‍ത്തീകരിച്ച്  ചെങ്കൂർ ജമാഅത്ത് പള്ളിയിൽ സെബിൻഷായുടെ കബറടക്കി. ദേവനന്ദയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. 

ENGLISH SUMMARY:

Devanandha and Shebinshah missing from Kollam found dead in Sasthamcotta lake