arjun-cremation

ഗംഗാവലിയുടെ പുഴയാഴങ്ങളില്‍ നിന്നും അര്‍ജുന്‍ ഇനി നോവോര്‍മയുടെ മിഴിനീരാഴങ്ങളിലേക്ക്. ആയിരങ്ങളുടെ കണ്ണീര്‍ പ്രണാമമേറ്റുവാങ്ങി അര്‍ജുന് ഇനി കണ്ണാടിക്കലിലെ വീട്ടുവളപ്പില്‍ അന്ത്യനിദ്ര.ഗംഗാവലിയിലെ ആഴങ്ങളില്‍ നിന്നും നീണ്ട 75 ദിവസങ്ങള്‍ക്ക് ശേഷം ഉറ്റവര്‍ക്കും ഉടയവര്‍ക്കുമടുത്തേക്ക്  മടങ്ങിയെത്തിയപ്പോള്‍ കാത്തുനിന്ന് കണ്ണീര്‍ വാര്‍ത്തവരിലേറെയും അവനെ അന്നോളം അറിയാത്തവരായിരുന്നു. 

‍72 ദിവസം വിങ്ങലോടെ കേരളം അര്‍ജുനായി കാത്തിരുന്നു . ജീവനോടെ തിരിച്ചെത്തില്ലെന്ന്  മനസിനെ വിശ്വസിപ്പിക്കാന്‍ പലര്‍ക്കുമായില്ല . അത്ഭുതങ്ങള്‍ സംഭവിക്കുമെന്നും അര്‍ജുന്‍ മടങ്ങിയെത്തുമെന്നും പലരും ആശിച്ചു . പലര്‍ക്കും പ്രത്യാശയുടെ പേരുകൂടിയായി അര്‍ജുന്‍.

ആ പ്രത്യാശയ്ക്ക് മങ്ങലേല്‍പിച്ചാണ് ഗംഗാവലിപ്പുഴയുടെ ആഴങ്ങളില്‍ മണ്ണില്‍ പുതഞ്ഞ ലോറിയുടെ ക്യാബിന്‍ കണ്ടെത്തുന്നത്.പിന്നാലെ അര്‍ജുനെയും. മൃതദേഹം കണ്ടെത്തിയെന്ന വാര്‍ത്ത ഉള്ളുപൊളളിക്കുന്നതായി.കാരണം കാത്തിരുന്ന ഈ ദിവസങ്ങളില്‍ നമ്മുടെ സ്വന്തമായി ആ ചെറുപ്പക്കാരന്‍ മാറിയിരുന്നു.

പ്ലസ് ടുവിന് ശേഷം പഠനം നിര്‍ത്തി കുടുംബം പോറ്റാനിറങ്ങിയ അര്‍ജുന്‍ നാടിനും വീടിനും അത്രയേറെ പ്രിയപ്പെട്ടവനായിരുന്നു.  അമ്മയും സഹോദരങ്ങളുമടങ്ങുന്ന തന്‍റെ കൊച്ചുകുടുംബത്തിന് കാവലാളായവന്‍.  ദീര്‍ഘനാള്‍ പ്രണയിച്ച് ഒടുവില്‍ സ്വന്തമാക്കിയ പ്രിയതമയ്ക്ക് ജീവനും ജീവിതവുമായവന്‍.. ഓമന മകന്‍ അയാന് വാത്സല്യവും കരുതലുമേകിയവന്‍.. അങ്ങിനെ അര്‍ജുന് വിശേഷണങ്ങള്‍ ഒരുപാടുണ്ട് .നാട്ടുകാര്‍ക്കൊക്കെയും അവനെക്കുറിച്ച് പങ്കുവെക്കാന്‍ നല്ലവാക്കുകളല്ലാതെ മറ്റൊന്നുമില്ല. കണ്ണാടിക്കലിന്‍റെ പ്രിയപ്പെട്ട കുട്ടന്‍റെ അന്ത്യയാത്രയിലേക്ക്  നാടൊന്നാകെ വിതുമ്പലോടെ ഒഴുകിയെത്തിയതും അതുകൊണ്ടു തന്നെ.

പലതവണ പാളിപ്പോയ തിരച്ചില്‍. പലരും പലതും പറഞ്ഞ് അധിക്ഷേപിച്ചിട്ടും തളര്‍ത്തിയിട്ടും അവനെക്കൊണ്ടേ താന്‍ തിരിച്ചു വരൂ എന്ന് കുടംബത്തിനു നല്‍കിയ വാക്ക് പാലിക്കാന്‍ കൈമെയ് മറന്ന് പ്രവര്‍ത്തിച്ച അവന്‍റെ പ്രിയപ്പെട്ട മുതലാളി മനാഫ്, ആരുമല്ലാതിരുന്നിട്ടും പ്രിയ സഹോദരന് വേണ്ടി കുത്തൊഴുക്കിനെ ഭേദിച്ച് ഗംഗാവലിയുടെ ആഴങ്ങളിലേക്ക് ഊളിയിട്ട ഈശ്വര്‍ മാല്‍പെ, നാവിക സേന, ദൗത്യം ഏകോപിപ്പിച്ച കാര്‍വാര്‍  എം,എല്‍.എ സതീഷ് കൃഷ്ണ സെയില്‍, കേരളത്തില്‍ നിന്നുള്ള മന്ത്രിമാര്‍, ജനപ്രതിനിധികള്‍, അര്‍ജുന്‍  ഇന്ന് എല്ലാവരുടേതുമാണ് . സമാനതകളില്ലാത്ത അവരുടെ പരിശ്രമത്തിന്‍റെ പര്യായം കൂടിയാണ് ഇന്ന് അര്‍ജുന്‍.

ഒടുവില്‍ എല്ലാ സ്നേഹങ്ങളും ഏറ്റുവാങ്ങി അവന്‍ വിട പറഞ്ഞിരിക്കുന്നു..ഒരു നാടിന്‍റെ ഒന്നടങ്കം കണ്ണീര്‍പ്രണാമമേറ്റു വാങ്ങി അവനിനി കണ്ണാടിക്കലിലെ തന്‍റെ വീട്ടില്‍ അന്ത്യനിദ്ര. പ്രിയപ്പെട്ട അര്‍ജുന്‍.. പ്രണാമം.

ENGLISH SUMMARY:

Kannadikkal Bid Adieu to Arjun;Painful Moments