അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ആര്‍ സി ഉടമ മുബീന്‍ തനിക്ക് അര്‍ജുനെ പോലെ സഹോദരനാണെന്നും ഭക്ഷണം അടക്കം താന്‍ ഷിരൂരിലാരുന്നപ്പോള്‍ എല്ലാ കാര്യങ്ങള്‍ നോക്കിയത് മുബീനാണെന്നും അര്‍ജുന്‍റെ അളിയന്‍ ജിതിന്‍. ലോറി ഉടമ മനാഫിന്‍റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ജിതിന്‍റെ പ്രതികരണം. എല്ലാവരും ചേര്‍ന്ന് എനിക്ക് സംഘി പട്ടം തന്നുവെന്നും താന്‍ ഒരിക്കലും ഒരു വര്‍ഗീയ വാദിയല്ലെന്നും അര്‍ജുന്‍റെ അളിയന്‍ പറയുന്നു. ‘എനിക്ക് പത്രസമ്മേളനത്തില്‍ എല്ലാ കാര്യവും പറയാന്‍ സാധിച്ചില്ല, ഞാന്‍ പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങളല്ലാ ജനങ്ങളില്‍ എത്തിയത്. എല്ലാവരും ചേര്‍ന്ന് എനിക്ക് സംഘി പട്ടം തന്നു, ഞാന്‍ വര്‍ഗീയ വാദിയല്ലാ, എന്തിനും വിവാദം ഉണ്ടാക്കാനാണ് പലരും ശ്രമിച്ചതെന്നും താന്‍ സാധാരണക്കാരനാണെന്നും അര്‍ജുന്‍റെ അളിയന്‍ ജിതിന്‍ ’
Also Read : ‘എല്ലാവരും എനിക്ക് സംഘി പട്ടം തന്നു; ഞാന്‍ വര്‍ഗീയ വാദിയല്ലാ’; അര്‍ജുന്‍റെ അളിയന്‍
കേരളത്തില്‍ നിന്ന് വര്‍ഗീയത തുടച്ച് മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ജിതിന്‍ മാതൃകയായ അളിയനാണെന്നും ജിതിനെ അഭിനന്ദിക്കണമെന്നും മനാഫ് പറയുന്നു. ഞങ്ങള്‍ ഒരു ഫാമിലിയാണെന്നും മനാഫ് പറഞ്ഞു.കോഴിക്കോട്ടെ അര്‍ജുന്റെ കണ്ണാടിക്കലുള്ള വീടിന് സമീപത്തെ മറ്റൊരു വീട്ടില്‍ വെച്ചാണ് മനാഫും അര്‍ജുന്റെ വീട്ടുകാരും പരസ്പ്പരം കണ്ടത്. മനാഫിനെ കൂടാതെ കുടുംബാംഗങ്ങളായ മുബീൻ, അൽഫ് നിഷാം, അബ്ദുൾ വാലി, സാജിദ് എന്നിവർ പങ്കെടുത്തു. അർജുന്റെ കുടുംബത്തെ പ്രതിനിധീകരിച്ച് സഹോദരി അഞ്ജു, സഹോദരൻ അഭിജിത്, സഹോദരീ ഭർത്താവ് ജിതിൻ, ബന്ധു ശ്രീനിഷ് എന്നിവർ പങ്കെടുത്തു. മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിൽ, സാമൂഹ്യ പ്രവർത്തകൻ വിനോദ് മേക്കോത്ത് എന്നിവരുടെ നേതൃത്വത്തിൽ ഖാദർ കരിപ്പൊടി, അൽ ബാബു, സായ്കൃഷ്ണ എന്നിവരാണ് മധ്യസ്ഥ ചർച്ച നടത്തിയത്.