TOPICS COVERED

“പുഷ്പനെ അറിയാമോ ഞങ്ങടെ പുഷ്പനെ അറിയാമോ, സഖാവിനെ അറിയാമോ ആ രണഗാഥ അറിയാമോ?”

1994 നവംബർ 25ന് ശേഷമാണ് ആ രണഗാഥ പിറന്നത്. പക്ഷേ കൂത്തുപറമ്പ് വെടിവിയ്പ്പിന് മുമ്പും ശേഷവും  ഇടത് സഹയാത്രികര്‍ക്ക് ആവേശമായിരുന്നു ആ വരികള്‍. ആ രണഗാഥയിലെ നായകന്‍ പുഷ്പന്‍  അടങ്ങാത്തൊരു സമരവീര്യവും. കാല്‍നൂറ്റാണ്ടുകാലം ഇടതുപക്ഷ പ്രസ്ഥാനത്തെ ഒരു നിശ്ചലശരീരംകൊണ്ട് പ്രചോദിപ്പിച്ച വിപ്ലവകാരി. കൂത്തുപറമ്പ് വെടിവയ്പ്പിന്റെ ഓര്‍മക്കണക്കുകളില്‍ എന്നും ആവര്‍ത്തിച്ചുകേട്ട പേരും പുഷ്പന്റേതായിരുന്നു.

ഏത് സമരത്തിന്‍റെയും ബിംബമായിരുന്നു പുഷ്പന്‍. ഊതിക്കെടുത്താന്‍ ശ്രമിച്ച കാലത്തെയും തോല്‍പ്പിച്ച സമരാഗ്നി. ചോരയില്‍ കുളിച്ച് മടിയില്‍വീണ സമരസഖാവിനെ താങ്ങുമ്പോള്‍ പിന്‍കഴുത്തില്‍ പതിച്ച വെടിയുണ്ട ഒരു തണുപ്പുപോലെയാണ് പുഷ്പന് ആദ്യം അനുഭവപ്പെട്ടത്. കൂത്തുപറമ്പിന്‍റെ മണ്ണിനെ ജീവരക്തംകൊണ്ടു തുടുപ്പിച്ച സഖാക്കളുടെ നിരയിലേക്ക് പുഷ്പനും പതിയെ ചാഞ്ഞുവീണു. അന്ന് നിലത്തുവീണ പുഷ്പന്‍ പിന്നെ എഴുന്നേറ്റില്ല.. പക്ഷെ ഒരു തലമുറയുടെ സമരവീര്യത്തെ കാല്‍നൂറ്റാണ്ടുകാലം എഴുന്നേല്‍പ്പിച്ചു നിര്‍ത്തി. 

മരണത്തെ തോല്‍പ്പിച്ച രക്തസാക്ഷിയായി, അലയടങ്ങാത്ത കടല്‍പോലെ അവസാനിക്കാത്ത പോരാട്ടവീര്യമായി. ഇരുപത്തിയേഴാണ്ട് മലര്‍ന്നുകിടന്ന നിശ്ചല ശരീരവുമായി കഴിഞ്ഞിട്ടും പൊലീസിന്‍റെ നിറതോക്കിന് മുന്നിലേക്ക് ചാടിവീണ മനസ് മരണംവരെ സൂക്ഷിച്ചു.  പാര്‍ട്ടിയായിരുന്നു തണല്‍.. പുഷ്പനും പാര്‍ട്ടിയായിരുന്നു എല്ലാം. എട്ടാംക്ലാസ് വരെ മാത്രമായിരുന്നു പഠനം. കുടുംബം പോറ്റാന്‍ ബെംഗളൂരുവിലെ ഒരു കടയില്‍ ജോലിക്കുകയറി. അവധിക്ക് നാട്ടില്‍വന്നപ്പോഴായിരുന്നു കൂത്തുപറമ്പിലെ സ്വാശ്രയ കോളജ് വിരുദ്ധ സമരകാഹളം. പാര്‍ട്ടിയുടെ വിളിക്കുമുന്‍പില്‍ പ്രാരാബ്ധം പറഞ്ഞ് മാറിനടക്കാനാകുമായിരുന്നില്ല പുഷ്പന്. ലാത്തിച്ചാര്‍ജിലടങ്ങാത്ത പ്രതിഷേധത്തിന് നേരെ നിറയൊഴിച്ചവര്‍ പുഷ്പന് മുന്നില്‍മാത്രം തോറ്റുപോയി. 

പിന്നീട് പ്രസ്ഥാനം സ്വാശ്രയത്തിന് ഓശാനപാടിയതും പരിയാരം മെഡിക്കല്‍ കോളജിന്റെ ഭരണമേറ്റതും കട്ടിലില്‍ക്കിടന്നറിഞ്ഞു പുഷ്പന്‍. എന്നിട്ടും തള്ളിപ്പറഞ്ഞില്ല പാര്‍ട്ടിയെ. അതായിരുന്നു പുഷ്പന്‍. പാര്‍ട്ടി ബ്രാഞ്ചംഗം മുതല്‍ പി.ബി അംഗങ്ങള്‍വരെ..പുഷ്പനെത്തേടിയെത്തുന്ന നേതാക്കളുടെ നിര അവസാനംവരെ തുടര്‍ന്നു. ഈ അവസ്ഥയിലും പുഷ്പന്‍ അങ്ങോട്ടുചെന്ന് കണ്ടത് കൊടിയേരിയെ മാത്രമാണ്. തലശേരി ടൗണ്‍ഹാളിനു നടുവില്‍ ചില്ലുകൂട്ടിലുറങ്ങിയ സഖാവിനെ കാണാന്‍ പുഷ്പനെത്തിയ നിമിഷം ഒരു സമ്മേളന നഗരിപോലെ മുദ്രാവാക്യത്താല്‍ മുഖരിതമായി. പുഷ്പന്‍ അങ്ങനെയായിരുന്നു. നിശ്ചലശരീരം കൊണ്ട് വിപ്ലവവീര്യം തീര്‍ത്ത സമരഭടന്‍. കാലം പാര്‍ട്ടിയെ മാറ്റി, നാടിനെ മാറ്റി..പുഷ്പനെ മാത്രം മാറ്റിയില്ല. തന്റെ മരണംകൊണ്ട് പുഷ്പന്‍ ഒരു ചരിത്രം കൂടി തിരുത്തുന്നു.. കൂത്തുപറമ്പ് സമരത്തിലെ രക്തസാക്ഷികളുടെ എണ്ണം ആറാവുന്നു. മരണം മറ്റൊരുദിവസമാണെങ്കിലും ആ രക്തസാക്ഷിദിനവും പുഷ്പന്‍റേതുകൂടിയാണ്.. ഒരു  ജീവിതവും രണ്ട് ചരമദിനങ്ങളും.. അപൂര്‍വതയാണ് പുഷ്പന്‍... അവസാനിക്കാത്ത സമരചരിതം.