കാരിച്ചാൽ ചുണ്ടൻ ജലചക്രവർത്തി. എഴുപതാം നെഹ്റു ട്രോഫി വള്ളംകളിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ ജേതാവായി. വില്ലേജ് ബോട്ട് ക്ലബിന്‍റെ വീയപുരം ചുണ്ടനെ 0.005 സെക്കന്‍ഡിന്‍റെ വ്യത്യാസത്തിൽ തോൽപിച്ചാണ് കാരിച്ചാലിന്‍റെ വിജയം. കുമരകം ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗവും നിരണം ബോട്ട് ക്ലബിന്‍റെ നിരണവും മൂന്നും നാലും സ്ഥാനങ്ങൾ നേടി.
അക്ഷരാർത്ഥത്തിൽ പുന്നമട നിശബ്ദമായ നിമിഷങ്ങളായിരുന്നു അത്. തുല്യ ശക്തികളുടെ ഇഞ്ചോടിഞ്ച് പോരാട്ടം. തുടക്കം മുതൽ ഒട്ടും വിട്ടുകൊടുക്കാതെ കാരിച്ചാലും വീയ പുരവും നടുഭാഗവും നിരണവും തുഴക്കരുത്തിൽ കുതിച്ചു. ഒടുവിൽ ഫിനിഷിങ്ങ് ലൈനിലേക്ക് നാലു വള്ളങ്ങളും ഒന്നിച്ചെത്തിയപ്പോൾ ആരാണ് വിജയി എന്നതിൽ എല്ലാവർക്കും ആകാംക്ഷ. ഒടുവിൽ ഔദ്യോഗിക ഫല പ്രഖ്യാപനം വന്നു . കാരിച്ചാലിന് 2024 ലെ നെഹ്റു ട്രോഫി കിരീടം . നാലു മിനിറ്റ് 29 സെക്കന്‍ഡ് 785 മൈക്രോ സെക്കൻഡിലാണ് കാരിച്ചാൽ ചുണ്ടൻ ഫിനിഷിങ്ങ് ലൈൻ കടന്നത്.
നാലുമിനിറ്റ് 29 സെക്കന്‍ഡ് 790 മൈക്രോ സെക്കൻഡാണ് വീയപുരത്തിന്റെ സമയം .ഫിനിഷിങിന്റെ വീഡിയോ കൈമാറാൻ സംഘാടകർ തയാറായില്ലെന്നും പരാതി നൽകുമെന്നും വീയപുരം ചുണ്ടൻ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബ് അറിയിച്ചു. കൈനകരി യുബിസി തുഴഞ്ഞ തലവടി ചുണ്ടൻ ലൂസേഴ്സ് ഫൈനലിൽ ജേതാവായി. നെഹ്റു ട്രോഫി വള്ളംകളിക്ക് ഒരു കോടി രൂപ അനുവദിക്കുമെന്നും സിബിഎല്‍ നടത്തുമെന്നും വള്ളംകളി ഉദ്ഘാടനം ചെയ്ത മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.