നെഹ്റു ട്രോഫി വള്ളംകളി കഴിഞ്ഞ് മാസങ്ങൾ പിന്നിടുമ്പോഴും ബോട്ട് ക്ലബ്ബുകൾക്കുള്ള ബോണസ് ലഭ്യമായില്ല. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ പങ്കെടുക്കുന്ന വള്ളങ്ങൾക്കും ക്ലബുകൾക്കും ബോണസും സമ്മാനതുകയും കിട്ടിയിട്ടില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് തുഴച്ചിൽക്കാരും ബോട്ട്ക്ലബ്ബുകളും. ബോണസ് ഉടൻ നൽകിയില്ലെങ്കിൽ ചാമ്പ്യൻ ബോട്ട് ലീഗിലെ അവസാന മത്സരം ബഹിഷ്കരിക്കാനാണ് ബോട്ട് ക്ലബ്ബുകളുടെ തീരുമാനം.
നെഹ്റു ട്രോഫി വള്ളം കളിക്ക് ടൂറിസം വകുപ്പ് ഒരു കോടി രൂപ ഗ്രാന്‍റ് അനുദിക്കുമെന്നും NTBR സൊസെറ്റി എപ്പോൾ ആവശ്യപ്പെട്ടാലും പണം നൽകുമെന്നുമാണ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നടത്തിയ പ്രഖ്യാപനം. വള്ളംകളി കഴിഞ്ഞു രണ്ടര മാസം കഴിഞ്ഞിട്ടും പണം അനുവദിച്ചില്ല.
ബോണസ് കിട്ടാത്തതിനാൽ തുഴച്ചിൽകാർക്കുള്ള കൂലി പോലും നൽകാനാകാത്ത സ്ഥിതിയിലാണു പല ക്ലബ്ബുകളും. ടൂറിസം വകുപ്പ് നൽകുന്ന പണം കിട്ടുമെന്ന് പ്രതീക്ഷിച്ച് പലിശയ്ക്കു പണം വാങ്ങി മത്സരത്തിനു തയാറെടുത്തവരും പ്രതിസന്ധിയിലാണ്. നെഹ്റു ട്രോഫിയുടെയുടെയും സിബിഎൽ മത്സരങ്ങളുടേതു മടക്കം 22ലക്ഷം രൂപ വീതമാണ് ക്ലബ്ബുകൾക്ക് ലഭിക്കാനുള്ളത്. സിബിഎൽ സമിതിയും ടൂറിസം വകുപ്പും കബളിപ്പിക്കുകയാണെന്ന് ബോട്ട് ക്ലബുകളുടെ ആരോപണം.
ചാമ്പ്യൻസ് ബോട്ട് ലീഗിലെ 6 മത്സരങ്ങളിൽ 5 എണ്ണം പൂർത്തിയായി. ബോണസ് ഉടൻ നൽകിയില്ലെങ്കിൽ ശനിയാഴ്ച നടക്കുന്ന സിബിഎൽ അവസാനമത്സരമായ കൊല്ലം പ്രസിഡ ൻസ് ട്രോഫി വള്ളംകളി ബഹിഷ്കരിക്കാനാണ് ക്ലബ്ബുകളുടെ തീരുമാനം.
ബോണസ് ഇനത്തിൽ ചുണ്ടൻവള്ളങ്ങൾക്ക് ഒരു ലക്ഷം വീതവും മറ്റു വള്ളങ്ങൾക്ക് 25,000 രൂപ വീതവും മത്സരത്തിനു മുൻപു നൽകിയിരുന്നു. ബാക്കി തുക ലഭിക്കാൻ നിവേദനങ്ങൾ നിരവധി നൽകിയിട്ടും ഫലമുണ്ടാകാത്തതിനാലാണ് ബോട്ട് ക്ലബുകൾ പ്രതിഷേധം കടുപ്പിച്ചത്.