70-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്. ആലപ്പുഴ പുന്നമടക്കായലിലെ ജലപൂരം ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. നെഹ്റു പ്രതിമയിലെ പുഷ്പ്പാര്‍ച്ചനയോടെ ഉദ്ഘാടന പരിപാടികള്‍ ആരംഭിക്കും. മന്ത്രി പി പ്രസാദ് അധ്യക്ഷത വഹിക്കും. മൽസരങ്ങളുടെ ഫ്‌ളാഗ് ഓഫ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. മന്ത്രി വി.എന്‍ വാസവന്‍ മാസ്ഡ്രില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. എംപിമാരായ കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരും ജില്ലയിലെ എംഎൽഎമാരും പങ്കെടുക്കും.
ഒന്‍പത് വിഭാഗങ്ങളിലായി 74 വള്ളങ്ങളാണ് ഇക്കുറി നെഹ്‌റു ട്രോഫിയില്‍ മാറ്റുരയ്ക്കുന്നത്. ചുണ്ടന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ 19 വള്ളങ്ങളുണ്ട്. ചുരുളന്‍, ഇരുട്ടുകുത്തി , വെപ്പ് , തെക്കനോടി തെക്കനോടി എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളിലെ മത്സരങ്ങൾ. രാവിലെ 11 മണിയോടെ മത്സരങ്ങള്‍ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും ചെറു വള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കുക.
കണക്കിലെ കാരിച്ചാല്‍ പെരുമ, വേഗത്തില്‍ പായിപ്പാടന്‍
ഏറ്റവും കൂടുതൽ തവണ നെഹ്‌റു ട്രോഫി നേടിയതു കാരിച്ചാൽ ചുണ്ടനാണ്. 2 ഹാട്രിക് ഉൾപ്പെടെ 15 തവണ. ഒടുവിൽ ചാംപ്യനായതു 2016ൽ. വേഗത്തിന്റെ രാജാവ് പായിപ്പാടനാണ്. 2017ൽ 1,200 മീറ്റർ ട്രാക്കിൽ കുറിച്ച 4 മിനിറ്റ് 17 സെക്കൻഡ്. ട്രാക്കിന് 1,450 മീറ്റർ നീളമുണ്ടായിരുന്ന 2009ൽ ശ്രീഗണേശൻ കുറിച്ച 4 മിനിറ്റ് 44 സെക്കൻഡും സമയക്കണക്കിൽ മുന്നിലുണ്ട്. ഇത്തവണ ട്രാക്ക് 1,150 മീറ്ററേയുള്ളൂ. ഏറ്റവും കൂടുതൽ തവണ ജേതാക്കളായ ക്ലബ് കൈനകരി യുണൈറ്റഡ് ബോട്ട് ക്ലബ് (യുബിസി) – 2 ഹാട്രിക് ഉൾപ്പെടെ 12 തവണ.
തുഴയെറിഞ്ഞ ചരിത്രമിങ്ങനെ...
1952 ഡിസംബർ 22നു വേമ്പനാട്ടു കായലിൽ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനെ സ്വീകരിക്കാനായിരുന്നു ആദ്യത്തെ ആധുനിക വള്ളംകളി നടത്തിയത്. സമുദ്രനിരപ്പിനു താഴെ കൃഷിയുള്ള കുട്ടനാട് കാണാനുള്ള നെഹ്റുവിന്റെ മോഹത്തിന് വെള്ളത്തിലെഴുതിയ മനോഹരമായ കാഴ്ച കൂടി ഈ നാടു സമ്മാനിച്ചു. തിരു–കൊച്ചി സന്ദർശനത്തിനെത്തിയതാണു നെഹ്റു. കോട്ടയത്തെത്തിയപ്പോൾ കുട്ടനാടു കാണണമെന്ന് ആഗ്രഹം. രാവിലെ 11നു ജലമാർഗം ആലപ്പുഴയിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ആനയും അമ്പാരിയുമില്ലായിരുന്നു. പകരം വെള്ളത്തിലെ കരിവീരൻമാരെ നിരത്തി, പാടിത്തുഴഞ്ഞ് അദ്ദേഹത്തെ വരവേറ്റു.
അതു പുന്നമടയിലായിരുന്നില്ല. വേമ്പനാട്ടു കായലിൽത്തന്നെ മൺറോ വിളക്കുമാടത്തിനു സമീപമായിരുന്നു. മുരിക്കൻ ജോസഫിന്റെ മാർഷൽ എന്ന ബോട്ടിനു മുകളിലിരുന്നു നെഹ്റുവും മകൾ ഇന്ദിരാ ഗാന്ധിയും കൊച്ചുമക്കളായ രാജീവും സഞ്ജയും ആ ജലകേളി കണ്ടു. നെഹ്റുവിനായി സംഘടിപ്പിച്ച പ്രദർശന മത്സരത്തിൽ 9 ചുണ്ടൻവള്ളങ്ങൾ തുഴഞ്ഞു. നടുഭാഗം ചുണ്ടൻ ജയിച്ചു. നെഹ്റുവിന്റെ ആവേശവും ഫിനിഷിങ് പോയിന്റിൽ തൊട്ടു. അദ്ദേഹം വള്ളത്തിൽ ചാടിക്കയറി. ജനക്കൂട്ടം ആർപ്പുവിളിച്ചു.ഡൽഹിയിലെത്തിയിട്ടും ആ കാഴ്ചകൾ നെഹ്റുവിന്റെ മനസ്സു വിട്ടു പോയില്ല. കേരളം നൽകിയ സ്നേഹവിരുന്നിനു പാരിതോഷികമായി അദ്ദേഹം വെള്ളിയിൽ തീർത്ത ചുണ്ടൻവള്ളത്തിന്റെ ശിൽപം ഒപ്പിട്ട് കൊല്ലം പേഷ്‌ക്കാരായിരുന്ന എൻ.കെ. ചെല്ലപ്പൻ നായർക്ക് അയച്ചുകൊടുത്തു.
പിറ്റേവർഷം മത്സരം നടന്നില്ല. പക്ഷേ, ഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡിൽ ചുണ്ടൻവള്ളങ്ങൾ ഉണ്ടായിരുന്നു. ഇതൊരു വാർഷിക മത്സരമായി നടത്താമെന്ന ആശയം രൂപപ്പെട്ടത് 1954ൽ ആണ്. കൊല്ലം ജില്ലാ കലക്ടർ (അന്ന് ആലപ്പുഴ കൊല്ലം ജില്ലയുടെ ഭാഗം) സംഘാടക സമിതിയുണ്ടാക്കി കൈനകരി മീനപ്പള്ളി വട്ടക്കായലിൽ മത്സരം നടത്തി. നെഹ്റു സമ്മാനിച്ച ശിൽപം പ്രൈം മിനിസ്‌റ്റേഴ്‌സ് ട്രോഫിയെന്നു പേരിട്ടു ജേതാക്കൾക്കു സമ്മാനിച്ചു. നെഹ്റുവിന്റെ മരണശേഷം അതിനു നെഹ്‌റു ട്രോഫിയെന്നു പേരായി. വട്ടക്കായൽ വള്ളംകളിക്ക് അത്ര യോജിച്ചതല്ലായിരുന്നു. അതുകൊണ്ട് 1955 മുതൽ മത്സരം പുന്നമടക്കായലിൽ ട്രാക്കിട്ടു. ചുണ്ടൻവള്ളങ്ങൾ ചാട്ടുളികളാകുന്ന മത്സരം മാത്രമായിരുന്നു ആദ്യമൊക്കെ. 1960നു ശേഷം വെള്ളത്തിലെ വേഗത്തിനൊപ്പം ജലഘോഷയാത്രയുടെ ഭംഗി കൂടി ചേർന്നു. 1970 മുതൽ സാംസ്കാരിക പരിപാടികളും ചേർത്തു. 1976ൽ, പൂരത്തിലെ കുടമാറ്റം പോലെ വർണാഭമായ ചുണ്ടൻവള്ളങ്ങളുടെ മാസ് ഡ്രിൽ തുടങ്ങി. യുബിസി കൈനകരിക്കായിരുന്നു ആദ്യ മാസ് ഡ്രില്ലിന്റെ നേതൃത്വം. 1990–91ൽ അന്നത്തെ കലക്ടർ വി.ജെ.കുര്യന്റെ നേതൃത്വത്തിൽ നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി (എൻടിബിആർ) രൂപീകരിച്ചു. സ്ഥിരം പവിലിയനു സ്ഥലം വാങ്ങുകയും ചെയ്തു.