എ.കെ.ശശീന്ദ്രനെ മാറ്റി തോമസ് കെ.തോമസിനെ മന്ത്രിയാക്കാനാണ് എന്‍സിപി തീരുമാനമെന്ന് പി.സി.ചാക്കോ. ശരദ് പവാറിന്റെ നേതൃത്വത്തില്‍ എടുത്ത തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കും. മൂന്നാം തീയതി ശശീന്ദ്രനും തോമസ് കെ.തോമസിനും ഒപ്പം മുഖ്യമന്ത്രിയെ കാണുമെന്നും പി.സി.ചാക്കോ പറഞ്ഞു.
എൻസിപി മന്ത്രിമാറ്റത്തിൽ പാർട്ടി പ്രസിഡന്റ് പി.സി.ചാക്കോ ഉറച്ചുനിൽക്കുകയും എ.കെ.ശശീന്ദ്രന് അനുകൂലമായി മുതിർന്ന നേതാക്കൾ നിലപാടു വ്യക്തമാക്കുകയും ചെയ്തതോടെ പാർട്ടി പിളപ്പിലേക്കു നീങ്ങുകയാണെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശശീന്ദ്രനെ മാറ്റി, തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ചാക്കോ ഒക്ടോബർ മൂന്നിന് മുഖ്യമന്ത്രിയെ കാണും.
കൊല്ലം, മലപ്പുറം, കോഴിക്കോട് ജില്ലാ കമ്മിറ്റികൾ ശശീന്ദ്രനെ നിലനിര്‍ത്തണമെന്ന നിലപാടിലായിരുന്നു. കാസർകോട്, എറണാകുളം, കോട്ടയം, വയനാട് കമ്മിറ്റികൾ പ്രത്യേകിച്ച് നിലപാടൊന്നുമെടുത്തതുമില്ല. പാർട്ടിക്കു മന്ത്രി ഇല്ലാതാവുന്ന അവസ്ഥയിലേക്കു കാര്യങ്ങൾ എത്തരുതെന്ന അവര്‍ അഭിപ്രായപ്പെട്ടു. മറ്റു ജില്ലാ കമ്മിറ്റികൾ ചാക്കോയ്ക്ക് ഒപ്പമാണ്.
ശശീന്ദ്രന് അനുകൂല നിലപാട് എടുക്കുന്നവരെ പുറത്താക്കുന്ന നടപടികളിലേക്കു ചാക്കോ കടന്നതോടെ, തിരിച്ചും അതേ നടപടികൾ സ്വീകരിക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നു. ജനറൽ കൗൺസിൽ ചേർന്നു പി.സി.ചാക്കോയ്ക്കെതിരെ നടപടിയെടുക്കണമെന്നാണ് അവർ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് കാര്യങ്ങള്‍ സമവായത്തിലേക്ക് നീങ്ങിയത്. വ്യാഴാഴ്ച മുഖ്യമന്ത്രിയെ കാണാനാണ് സമയം നൽകിയിരിക്കുന്നത്.