എഡിജിപി എം.ആര്‍.അജിത്കുമാറിന്റെ കൂടിക്കാഴ്ചാ വിവാദത്തില്‍ അന്വേഷണത്തോട് സഹകരിക്കാതെ ആര്‍.എസ്.എസ്. കൂടിക്കാഴ്ചക്ക് മധ്യസ്ഥത വഹിച്ച ജയകുമാര്‍ വിദേശത്താണെന്ന കാരണത്താല്‍ മൊഴി നല്‍കാനെത്തിയില്ല. ആര്‍.എസ്.എസ് നേതാക്കളെ കണ്ട ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കിയാല്‍ ഒട്ടേറെപ്പേരുണ്ടാകുമെന്ന് ഫേസ്ബുക്കില്‍ വിശദീകരണ കുറിപ്പുമായി ജയകുമാര്‍. നിയമസഭ സമ്മേളനത്തിന് മുന്‍പ് അജിത്കുമാറിനെ മാറ്റണമെന്ന് സി.പി.ഐ ആവശ്യപ്പെടും. മാറ്റിയില്ലങ്കില്‍ സമരം തുടങ്ങുമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍.അരുണ്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
ആര്‍.എസ്.എസ് നേതാക്കളെ കണ്ടത് സ്വകാര്യ–സൗഹൃദ സന്ദര്‍ശനമെന്ന വാദമാണ് അജിത്കുമാര്‍ ഡി.ജി.പിയുടെ മൊഴിയെടുപ്പില്‍ ആവര്‍ത്തിച്ചത്. ബാല്യകാല സുഹൃത്തായ ആര്‍.എസ്.എസ് നേതാവ് എ.ജയകുമാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ദത്താത്രേയ ഹൊലബലയെ കാണാന്‍ തൃശൂരിലെ ആര്‍.എസ്.എസ് പഠനക്യാംപില്‍ പോയത്. പരിചയപ്പെടല്‍ മാത്രമാണുണ്ടായത്. ദേശീയമാധ്യമം ക്ഷണിച്ചതനുസരിച്ച് അവരുടെ കോണ്‍ക്ളേവില്‍ പോയപ്പോളാണ് റാം മാധവിനെ പരിചയപ്പെട്ടതെന്നുമാണ് രണ്ടാം കൂടിക്കാഴ്ചക്ക് മറുപടി.
അജിത്കുമാര്‍ ഈ നിലപാട് ആവര്‍ത്തിക്കുമ്പോള്‍ കൂടിക്കാഴ്ചയുടെ കാരണം കണ്ടെത്താന്‍ മധ്യസ്ഥനായിരുന്ന ജയകുമാറിന്റെ മൊഴി നിര്‍ണായകമാണ്. ഫോണില്‍ വിളിച്ചിട്ടും നോട്ടീസ് നല്‍കിയിട്ടും മൊഴി നല്‍കാന്‍ ജയകുമാര്‍ തയാറായിട്ടില്ല. ഇതോടെ സി.പി.ഐ അടക്കം കാത്തിരിക്കുന്ന കൂടിക്കാഴ്ചയുടെ കാരണം തേടിയുള്ള അന്വേഷണം വഴിമുട്ടിയേക്കും. പകരം ചട്ടലംഘനം കേന്ദ്രീകരിച്ചാവും ഡി.ജി.പി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കുക. അതിനിടെ ഡി.ജി.പിക്ക് മുന്നില്‍ ഹാജരാകാത്ത ജയകുമാര്‍ ഫേസ്ബുക്കില്‍ മറുപടിയെഴുതി.
എ.ഡി.ജി.പി മാത്രമല്ല, ചീഫ് സെക്രട്ടറിയടക്കം ഒട്ടേറെ ഉന്നതര്‍ ആര്‍.എസ്.എസ് നേതാക്കളെ കണ്ടിട്ടുണ്ട്. അതിനെല്ലാം എതിരെ നോട്ടീസ് അയക്കാന്‍ പോയാല്‍ അതിനായി ഒരു ഡിപ്പാര്‍ട്മെന്റ് തുടങ്ങേണ്ടിവരുമെന്ന പരിഹാസത്തോെടയായിരുന്നു കൂടിക്കാഴ്ചയുടെ കാരണം വിശദീകരിക്കാതെയുള്ള മറുപടി. അതിനിടെ എ.ഐ.വൈ.എഫ് അജിത്കുമാറിനെ മാറ്റിയില്ലങ്കില്‍ സമരമെന്ന് പ്രഖ്യാപിച്ചു.
മൂന്നിന് സി.പി.ഐയുടെ സംസ്ഥാന നിര്‍വാഹകസമിതിയോഗമുണ്ട്. നാലിന് നിയമസഭാ സമ്മേളനവും തുടങ്ങും. അതിന് മുന്‍പ് അജിത്കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെടാനാണ് സി.പി.ഐയുടെ ആലോചന.