ഞാറയ്ക്കലില്‍ ഡ്രൈഡേ ലക്ഷ്യമിട്ട് വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യ ശേഖരം എക്സൈസ് പിടികൂടി. ആറ് വിവിധ ബ്രാന്‍ഡുകളുടെ 108 കുപ്പി മദ്യമാണ് പിടികൂടിയത്. മദ്യകച്ചവടം നടത്തിയിരുന്ന പ്രദേശവാസിയെയും എക്സൈസ് അറസ്റ്റ് ചെയ്തു.
ഒക്ടോബര്‍ ഒന്ന് രണ്ട് തീയതികളില്‍ ബവ്റിജസ് ഔട്ട് ലെറ്റുകളും ബാറുകള്‍ക്കും അവധിയാണ്. ഡ്രൈഡേ അവധി മുതലെടുത്ത് ഇരട്ടിലാഭത്തോടെ വില്‍പന നടത്താനായിരുന്നു മദ്യം ശേഖരിച്ചത്. അറസ്റ്റിലായ നെടുങാട് സ്വദേശി പി.എസ്. നിതീഷിന്‍റെ വീട്ടിലാണ് 55ലിറ്റര്‍ മദ്യം ശേഖരിച്ചിരുന്നത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു എക്സൈസിന്‍റെ പരിശോധന. അരലിറ്ററിന്‍റെ മദ്യകുപ്പികള്‍ രണ്ട് ബാഗുകളിലായാണ് വീട്ടിനുള്ളില്‍ ഒളിപ്പിച്ചിരുന്നത്. ബവ്റിജസ് ഔട്ട് ലെറ്റുകളില്‍ ഏറ്റവും കൂടുതല്‍ വില്‍പന നടക്കുന്ന ആറ് ബ്രാന്‍ഡുകളുടെ കുപ്പികളാണ് വാങ്ങി സൂക്ഷിച്ചിരുന്നത്.
മദ്യത്തിന്‍റെ ഉറവിടത്തെക്കുറിച്ചും ഇയാളുടെ സഹായികളെക്കുറിച്ചും വ്യക്തമായ സൂചനകള്‍ എക്സൈസ് സംഘത്തിന് ലഭിച്ചു. ഏറെനാളുകളായി അനധികൃത മദ്യവില്‍പന നടക്കുന്നുണ്ടെന്നാണ് എക്സൈസിന് ലഭിച്ചിരിക്കുന്ന വിവരം. ഞാറക്കൽ, എടവനക്കാട്, നെടുങ്ങാട് ഭാഗത്തായിരുന്നു സംഘത്തിന്‍റെ വില്‍പന.